കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിലെ കൃഷ്ണ ജൂവലേഴ്‌സിൽ നിന്നും മുൻ ചീഫ് അക്കൗണ്ടന്റായ കണ്ണൂർ ചിറക്കൽ സ്വദേശിനി തട്ടിയെടുത്തത് 24 കോടി രൂപയോളമെന്ന് സൂചന. ഇതോടെ കേസിന്റെ അന്വേഷണം കൈംബ്രാഞ്ചിന് വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ
വിഭാഗമാണ് കേസ് ഇനി അന്വേഷിക്കുക. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുക. പ്രത്യേക ടീം ഇതിനായി രൂപീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

സാമ്പത്തിക തട്ടിപ്പു കേസിൽ സ്ഥാപനത്തിലെ മുൻചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ സിന്ധുവിനെ ചോദ്യം ചെയ്ത് ടൗൺ പൊലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഭീമമായ തുകയുടെ ക്രമക്കേടായതിനാലാണ് കൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറിയത്. സ്ഥാപനത്തിൽ നിന്ന് 7,55,30,644 രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു മാനേജിങ് പാർട്ണർ സി വി രവീന്ദ്രനാഥിന്റെ പരാതിയിലുള്ളത്.

കണക്കുകളിൽ കൃത്രിമം നടത്തിയത് കണ്ടുപിടിക്കാൻ മാനേജ്മെന്റ് നിയമിച്ച ഓഡിറ്ററെ സിന്ധു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ടായിരുന്നു. കണ്ണൂർ ടൗൺ സിഐ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിലെ പ്രതിയായ ചിറക്കൽ സ്വദേശിനി സിന്ധുവിനെ ചോദ്യം ചെയ്തത്. ജൂവലറി മാനേജിങ് പാർട്ട്ണർ പൊലിസിൽ പരാതി നൽകിയതിനു ശേഷം ഇവർ ദുബായിയിലേക്ക് കടന്നിരുന്നു. ഇതിനു ശേഷം ഹൈക്കോടതി മുഖേനെ മുൻകൂർ ജാമൃത്തിന് ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല.

അറസ്റ്റു തടഞ്ഞു കൊണ്ടു പൊലിസിന് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് സിന്ധു മൂന്ന് ദിവസം കണ്ണൂർ ടൗൺ പൊലിസിൽ ഹാജരായത്. എന്നാൽ താൻ ജൂവലറിയിൽ നിന്നും പണം തട്ടിയെടുത്തിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം. വിദേശത്തേക്ക് കടന്ന കാര്യവും ഇവർ നിഷേധിച്ചു. 2014 മുതലാണ് കൃഷ്ണ ജൂവലറിയിൽ നിന്നും ഇവർ പണം തട്ടിയെടുക്കാൻ തുടങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്വന്തം പേരിലും മാതാവിന്റെയും ഭർത്താവിന്റെയും പേരിലുമ്മള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ നഗരം കേന്ദ്രികരിച്ചു റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയാണ് സിന്ധുവിന്റെ ഭർത്താവ്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ജൂവലറിയിൽ നിന്നും തട്ടിയെടുത്ത പണം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും വിദേശത്തേക്കും കടത്തിയതായി ആരോപണമുണ്ട്.