കണ്ണൂർ: മറിയക്കുട്ടി കേസിനു ശേഷം അർഹരായ അദ്ധ്യാപകരുടെ നിയമനവും ശമ്പള കുടിശികയും തടഞ്ഞുവെച്ച സർക്കാരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഹൈക്കോടതിയിലൂടെ കഴിഞ്ഞ എട്ടുവർഷമായി നിയമനവും ശമ്പളവും കിട്ടാത്ത സർക്കാർ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് ആശ്വാസം.

കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പള കുടിശ്ശിക കൊടുത്തു തീർക്കണമെന്ന ഉത്തരവു ജനുവരി നാലിനകം നടപ്പാക്കണമെന്ന ഹൈക്കോടതി വിധിയാണ് ഒരു വിഭാഗം അദ്ധ്യാപകർക്ക് ആശ്വാസമായത്.
വിധി നടപ്പിലാക്കാത്ത പക്ഷം ഉത്തരവ് പാലിക്കുന്നതുവരെ സർക്കാർ ഉദ്യോഗസ്ഥരായ പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കണ്ണൂർ ഡി.ഇ.ഒ കെ. ജിഗീഷു എന്നിവർ ശമ്പളം വാങ്ങരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അദ്ധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പളകുടിശ്ശിക നൽകണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് കടമ്പൂർ സ്‌കൂൾ മാനേജർ പി. മുരളീധരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവു നൽകിയത്. കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ 2016 മുതൽ നിയമിതരായ 128 അദ്ധ്യാപകരുടെ നിയമനങ്ങൾ രണ്ടു മാസത്തിനകം അംഗീകരിച്ച് മുഴുവൻ ശമ്പള കുടിശ്ശികയും നൽകാൻ കഴിഞ്ഞ ഫെബ്രുവരി 23 ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് രണ്ടുമാസത്തിനകം ഉത്തരവു നടപ്പാക്കാൻ ഓഗസ്റ്റ് ഒമ്പതിന് ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവു നടപ്പാക്കിയില്ല. തുടർന്നാണ് സ്‌കൂൾ മാനേജർ കോടതിയലക്ഷ്യ ഹർജി നൽകിയത്. കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ജനുവരി നാലിനകം ഉത്തരവു പാലിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ കണ്ണൂർ ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കടമ്പൂർ സ്‌കൂളിലെ അദ്ധ്യാപകർക്ക് തങ്ങൾ ഇത്ര നാളും അനുഭവിച്ച ജീവിത ദുരിതത്തിനാണ് പരിഹാരമായത്.