തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയ്‌നേജ് പെപ്പ്‌ലൈൻ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെയും പുറത്തെത്തിച്ചു. അയിരൂപ്പാറ സ്വദേശി വിനയൻ, ബിഹാർ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു അപകടം.

15 അടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അഗ്‌നിരക്ഷാസേനയുടേയും പൊലീസിന്റെയും നാല് മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. ഇന്ന് രാവിലെയാണ് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടത്. അയിരൂർ സ്വദേശി വിനയനെ ആദ്യം തന്നെ രക്ഷപ്പെടുത്തിയിരുന്നു.

എന്നാൽ ബീഹാർ സ്വദേശി ദീപക് മണ്ണിനടിയിൽ പെട്ടുപോയിരുന്നു.  മണ്ണ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. മൂന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മുപ്പതോളം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിനൊടുവിലാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്. ഡോക്ടർമാരെ സ്ഥലത്തെത്തിച്ച് ഇദ്ദേഹത്തിന് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. ദീപകിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.