കണ്ണൂർ: വേങ്ങാട് ഊർ പള്ളിയിലെ ചകിരി സംസ്‌കരണ യൂണിറ്റിന് തീപിടിച്ചു. സംസ്‌കരിച്ച ക്വിന്റൽ കണക്കിന് ചകിരിച്ചോറും ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങളും കത്തി നശിച്ചു. ഊർപള്ളി ഫിനിക്‌സ് ഡീ ഫൈബറിങ് യൂനിറ്റിനാണ് ഞായറാഴ്‌ച്ച രാവിലെ ആറു മണിയോടെ തീപ്പിടിച്ചത്. ഇവിടെ നിന്നും പുക ഉയരുന്നതു കണ്ടുപ്രദേശവാസികൾ വിവരമറിയച്ചതനുസരിച്ച് കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ എന്നിവടങ്ങളിൽ നിന്നും ഫയർഫോഴ്‌സെത്തി തീയണക്കാൻ ശ്രമം നടത്തി.

ഏകദേശം അറുപതു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉടമയായ എം.രാധാകൃഷ്ണന്റെ പരാതിയിൽ കുത്തുപറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പിൻതുണയോടെ ചെറുകിട സംരഭമായി ഈ യുനിറ്റ് തുടങ്ങിയത്. അഞ്ച് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

രാത്രികാലങ്ങളിൽ സെക്യൂരിറ്റിക്കാരനെ ഇവിടെ നിയോഗിച്ചിട്ടില്ല. സംസ്‌കരിച്ചതിനു ശേഷം കൈമാറുന്നതിനുള്ള ചകിരിച്ചോറാണ് കത്തി നശിച്ചതെന്നാണ് ഉടമ നൽകുന്ന വിവരം. ഷോർട്ട് സർക്യൂട്ടാണ് തീ പിടത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്‌സ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.