കണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ ലക്ഷങ്ങളുടെ കുഴൽപണവമായി കോഴിക്കോട് സ്വദേശിയെ റെയിൽവെ പൊലീസ് പിടികൂടി. ക്രിസ്മസ്,പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ട്രെയിനിലൂടെയുള്ള മദ്യം, മയക്കുമരുന്ന് കടത്തുന്നതിന് തടയുന്നതിനായി റെയിൽവെ പൊലിസ് റെയ്ഡ് നടത്തുന്നതിനിടെയാണ് കുഴൽപ്പണക്കാരൻ കുടുങ്ങിയത്.

ശനിയാഴ്ച രാത്രി പത്തുമണിയോടെ കണ്ണൂർ റെയിൽവെ പൊലീസ് എസ്.എച്ച്.ഒ കെ.വി. ഉമേഷിന്റെയും കണ്ണൂർ ആർ.പി.എഫ് പോസ്റ്റ് കമാൻഡർ ബിനോയ് ആന്റണിയുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി വരുന്നതിനിടയിലാണ് കള്ളപ്പണവുമായി സഞ്ചരിച്ചയാളെ പിടികൂടിയത്.

മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയ 16159 നമ്പർ എഗ്മോർ എക്സ്‌പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ നിന്നും കണ്ണൂർ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കോഴിക്കോട് മാങ്കാവിലെ പാലത്ത് പറമ്പ് വീട്ടിൽ കെ.എ.സുരേഷ്‌കുമാറിൽ(52)നിന്ന് 13,60,300 രൂപ പിടിച്ചെടുത്തത്.

ഇയാളുടെ ബാഗിൽ മൊബൈൽഫോണുകളുടെ പെട്ടികളിൽ അടുക്കിവെച്ച നിലയിലാണ് പണം ഉണ്ടായിരുന്നത്. ഇത്രയും പണം കൈവശം വെച്ചതിനുള്ള മതിയായ രേഖകൾ ഹാജരാക്കാൻ ഇല്ലാത്തതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ തുടർനടപടികൾക്കായി എൻഫോഴ്‌സമെന്റിന് കൈമാറി. കണ്ണൂർ ഗവ.റെയിൽവെ പൊലീസിലെ സുരേഷ് കക്കറ, അഷറഫ്, ആർ.പി.എഫ് എസ്‌ഐ വിനോദ്, എഎസ്ഐ ചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾമാരായ സജീവ്, സജേഷ് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.