ഗൂഡല്ലൂർ: തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ചുളുവിലയ്ക്ക് സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളികളിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ ഏഴു പേരെ ഗൂഡല്ലൂർ പൊലീസ് പിടികൂടി. ഗൂഡല്ലൂർ സ്വദേശികളുമായ മരുതുപാണ്ഡി, ഗോവിന്ദരാജ്, ശെൽവം, മഹേശ്വരൻ, ഭാരതിരാജ, മഹേഷ്, പിച്ചൈ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. സംഘത്തിലെ അംഗങ്ങളായ നാലുപേർക്കായി പൊലീസ് തെരച്ചിൽ വ്യാപിച്ചിരിക്കുകയാണ്.

തന്ത്രപരമായിട്ടായിരുന്നു പണം തട്ടൽ. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരിൽ നിന്നാണ് പണവും കാറുമടക്കം സംഘം തട്ടിയെടുത്തത്. ഇരുവരും കൃഷി ചെയ്യാൻ കുറഞ്ഞ വിലക്ക് സ്ഥലം അന്വേഷിച്ചാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലെത്തിയത്. ഗൂഡല്ലൂർ സ്വദേശി മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ തമ്മനംപെട്ടി എന്ന സ്ഥലത്തെത്തിച്ചു. തോട്ടവും വീടും കാണിച്ചു കൊടുത്തു.

അതിന് ശേഷം ഇവരെ വീട്ടിനുള്ളിൽ ബന്ധിയാക്കി. ബന്ധിയാക്കിയതിന് പിന്നാലെ മൂന്ന് ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളുവെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്ന് സംഘം ആലപ്പുഴ സ്വദേശികളെ ക്രൂരമായി മർദിക്കുകയും, പിന്നീട് കൈയിലുണ്ടായിരുന്ന അയ്യായിരം രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന എൺപതിനായിരം രൂപയും തട്ടിയെടുക്കുകയുമായിരുന്നു.

കാറും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം ഇരുവരേയും പെരുവഴിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് സിജിനും ഡാനിയും ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.