കണ്ണൂർ: കണ്ണൂർ നഗരത്തിലെ വിനോദ സഞ്ചാര മേഖലയിൽ അർധരാത്രിയിൽ പെൺ സുഹൃത്തിനെ കാണാൻ വീട്ടിലെത്തിയ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ റിമാൻഡിൽ. കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന റിജിത്ത് വധ കേസിലെ പ്രതിയായിരുന്ന മൊറാഴ കുഞ്ഞരയാലിലെ അനിൽകുമാർ (51) ചാലോട് മണലിലെ പി.നിധീഷ് (31) പള്ളിയാം മൂലയിലെ കെ. ഷോമിത്ത് (43) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും തമ്മിൽ കാണുകയും ചെയ്യുന്ന വിരോധത്തിൽ പള്ളിയാം മൂലയിലെ എളമ്പിലാട്ട് ഹൗസിൽ ഇ നസീമിനെയാണ് (19) അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യാമ്പലത്തെ ആളൊഴിഞ്ഞ ഫ്‌ളാറ്റിൽ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മർദ്ദിച്ചത്. ബൈക്കിൽ പെൺകുട്ടിയുടെ വീടിനടുത്തുള്ള വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നസീം. യുവാവിന്റെ ബന്ധുവായ സ്ത്രീയുടെ ഭർത്താവിന്റെതായിരുന്നു ബൈക്ക്. ഇതു കാണാതായതിനെ തുടർന്ന് യുവതി കടലിൽ ചാടി മരിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചതോടെയാണ് പ്രതികൾ അറസ്റ്റിലാകുന്നത്.