മലപ്പുറം: കാവന്നൂരിൽ കാർ തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് വീടിന്റെ ഗേറ്റ് തകർത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി അപകടം. വീടിന്റെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന മറ്റൊരുവാഹനത്തിൽ ഇടിച്ചാണ് കാർ നിന്നത്. കാർ ഡ്രൈവർ പുത്തലം സ്വദേശി മുഹമ്മദലി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് അപകടം.

ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡിൽ നിന്നും കാർ തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.