തൃശൂർ: തൃശൂർ അരിയങ്ങാടിയിലെ കടയിൽ നിന്നും പട്ടാപ്പകൽ രണ്ടു ലക്ഷം രൂപ കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. കുമളി സ്വദേശി അലൻ തോമസ്, ഈരാറ്റുപേട്ട സ്വദേശികളായ അശ്വിൻ, അമൽ ജോർജ് എന്നിവരാണ് പിടിയിലായത്. തൃശൂർ ഷാഡോ പൊലീസും ടൗൺ ഈസ്റ്റ് പൊലീസുമാണ് പ്രതികളെ പിടികൂടിയത്.

ഡിസംബർ പതിനേഴിനാണ് അരിയങ്ങാടിയിലെ പ്രിന്റിങ് സ്ഥാപനത്തിൽ നിന്നും പ്രതികൾ മോഷണം നടത്തിയത്. ഇവിടുത്തെ ജീവനക്കാർ കട പാതി ഷട്ടറിട്ട ശേഷം തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു മോഷണം.

വിവിധ ജില്ലകളിൽ ബൈക്ക് മോഷണ കേസിലടക്കം പ്രതികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. മോഷണത്തിന് ശേഷം ട്രെയിൻ മാർഗം ബംഗലൂരുവിലേക്ക് രക്ഷപെട്ട പ്രതികൾ വിദ്യാർത്ഥികളെന്ന് പരിചയപ്പെടുത്തിയാണ് റൂമെടുത്ത് താമസിച്ചിരുന്നത്.