- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിത്തുടങ്ങിയ ട്രെയിനിൽനിന്ന് യാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചു; അസം സ്വദേശിയായ പ്രതി പിടിയിൽ
കോട്ടയം: റെയിൽവേ സ്റ്റേഷനിൽനിന്ന് ഓടിത്തുടങ്ങിയ ട്രെയിനിലെ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ. അസം സ്വദേശിയായ അബ്ദുൾ ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിനത്തിൽ രാത്രി 11.30-ഓടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽവച്ചാണ് ഇയാൾ ട്രെയിൻ യാത്രക്കാരിയുടെ മാല പൊട്ടിച്ചത്.
പ്ലാറ്റ്ഫോമിൽനിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് വിൻഡോ സീറ്റിലിരിക്കുകയായിരുന്ന തൃശ്ശൂർ സ്വദേശിനിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് മാല കവരുകയായിരുന്നു. തുടർന്ന് മാലയുമായി ഇയാൾ സ്റ്റേഷനിലൂടെ നടന്നുപോകുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
അതേദിവസം തന്നെ അമൃത എക്സ്പ്രസിൽ ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈൽഫോണും ഇയാൾ മോഷ്ടിച്ചു. തുടർന്ന് രണ്ട് യാത്രക്കാരുടെയും പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയെ പിടികൂടിയത്.
ശബരിമല തീർത്ഥാടനകാലമായതിനാൽ സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരുവർഷമായി ഇയാൾ കാഞ്ഞിരപ്പള്ളിയിൽ പെയിന്റിങ് തൊഴിലാളിയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




