ഹരിപ്പാട്: മണ്ണാറശാലയിൽ വീടിനു തീപിടിച്ചു മുകൾ നിലയിലെ കിടപ്പുമുറി ഉൾപ്പെടെ കത്തി നശിച്ചു. കാർത്തിക ഭവനത്തിൽ വാസുദേവന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മുകളിലത്തെ നിലയിലെ മുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടു സമീപവാസികൾ വീട്ടുകാരെ വിവരംഅറിയിക്കുകയായിരുന്നു. അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഹരിപ്പാട് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അപ്പോഴേക്കും കിടപ്പുമുറിയും അതിനോട് ചേർന്നുള്ള ശുചിമുറിയും പൂർണമായും കത്തി നശിച്ചു. മുറിയുടെ വാതിൽ, ജനലുകൾ, കട്ടിൽ,മേശ, അലമാര,എ സി, അലമാര എന്നിവ കത്തി. അലമാരയിലുണ്ടായിരുന്ന രേഖകളും സ്വർണാഭരണങ്ങളും നഷ്ടമായി. 15 പവന്റെ സ്വർണാഭരണങ്ങൾ അലമാരയിൽ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. അലമാര പൂർണമായും കത്തി നശിച്ച നിലയിലാണ്. മുറിയുടെ നാലു ഭിത്തികൾക്കും പൊട്ടലുണ്ട്. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമായി സംശയിക്കുന്നത്.