ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ചപ്പോൾ കുഴഞ്ഞു വീണ ആന ചെരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എഴുന്നള്ളിക്കാൻ എത്തിച്ചത് ആയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഇന്നലെ മുതൽ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. ആനയെ ക്രെയിൻ ഉപയോഗിച്ച് നീക്കാനും ശ്രമം നടന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നായിരുന്നു ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം.

രാവിലെയോടെ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ചപ്പോഴാണ് ആന കുഴഞ്ഞു വീണത്. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. വൈകിട്ടോടെയാണ് ആന ചരിഞ്ഞത്.