- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സര ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ; ഫോർട്ട്കൊച്ചി കാർണിവലിൽ വൻ സുരക്ഷ; കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും; പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികൾ

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഡിസംബർ 31-ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. വൈകീട്ട് ഏഴ് മണിക്ക് ശേഷം റോ റോ സർവീസും ഉണ്ടായിരിക്കില്ല. രാത്രി 12 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് മടങ്ങാൻ ബസ് സർവീസ് ഉണ്ടാകും. പ്രദേശത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് കാർണിവൽ നടത്തുന്നതെന്ന് മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി, കെ.ജെ മാക്സി എംഎൽഎ, ഫോർട്ട്കൊച്ചി സബ് കലക്ടർ കെ.മീര, ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ കെ.ആർ മനോജ് എന്നിവർ അറിയിച്ചു.
അപകടങ്ങൾ ഒഴിവാക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന ഗ്രൗണ്ടിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ശക്തമായ നിയന്ത്രണമുണ്ടാകും. പാർക്കിങ്ങും അനുവദിക്കില്ല. കഴിഞ്ഞ വർഷം പുതുവർഷാഘോഷത്തിനിടെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ വർഷം പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണ് കണക്ക്. തിരക്കിൽപ്പെട്ട് ഇരുന്നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസുകാർക്കുൾപ്പടെ നിരവധിയാളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫോർട്ട്കൊച്ചി കൂടാതെ പള്ളുരുത്തി കാർണിവൽ, എറണാകുളത്തപ്പൻ ഗ്രൗണ്ട് എന്നിവടങ്ങളിൽ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബർ 31 ന് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചുണ്ടെന്നും മേയർ പറഞ്ഞു. എല്ലാവരും ഫോർട്ട്കൊച്ചിയിലേക്ക് മാത്രം പോകാതെ കൊച്ചി നഗരത്തിലെ മറ്റ് പരിപാടികളിലും ആസ്വദിക്കണം. മറൈൻഡ്രൈവിൽ പുഷ്പമേള, കലൂരിൽ ദേശീയ സരസ് മേള എന്നിവയും തുടരുകയാണ്. ഇവിടെയും വിവിധ കലാപരിപാടികളാൽ സമ്പന്നമാണ്.
ഡിസംബർ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്മെന്റുകളായി തിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികൾ തുടരും. പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കും.
ആയിരത്തോളം പൊലീസുകാരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കും. വനികളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പൊലീസ് ഉണ്ടാകും. നൂറിലധികം സിസിടിവി കാമറ, വാട്ടർ ആംബുലൻസ് ഉൾപ്പെടെ ആവശ്യമായ മെഡിക്കൽ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. ആവശ്യമായ ബയോ ടോയ്ലറ്റ്, കുടിവെള്ള സൗകര്യം സജ്ജമാക്കും. ബസ് സർവീസിനായി കൊച്ചിൻ കോളജ് ഗ്രൗണ്ടിൽ താൽക്കാലിക ബസ് സ്റ്റാൻഡ് പ്രവർത്തിക്കും.
ഗതാഗത നിയന്ത്രണങ്ങൾ
ഡിസംബർ 31 ന് വൈകീട്ട് 4 വരെ മാത്രമെ വൈപ്പിനിൽ നിന്നും റോ-റോ ജങ്കാർ വഴി ഫോർട്ട്കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടുകയുള്ളു. വൈകീട്ട് ഏഴ് വരെ വൈപ്പിനിൽ നിന്നും ജങ്കാർ വഴി ഫോർട്ട്കൊച്ചിയിലേക്ക് പൊതുജനങ്ങളെ മാത്രം കടത്തി വിടും.
വൈകീട്ട് ഏഴിന് ശേഷം റോ-റോ ജങ്കാർ സർവ്വീസും ബോട്ട് സർവീസും ഫോർട്ട്കൊച്ചിയിലേക്ക് ഉണ്ടാകില്ല. അതേസമയം വൈപ്പിൻ ഭാഗത്തേക്ക് സർവീസ് ഉണ്ടാകും. രാത്രി 12 ന് ശേഷം സർവീസ് ഇരുഭാഗത്തേക്കും ഉണ്ടാകും. ഫോർട്ട്കൊച്ചിയിൽ ജനത്തിരക്ക് കൂടിയാൽ വൈകീട്ട് നാലിന് മുൻപ് തന്നെ സ്വിഫ്റ്റ് ജംഗ്ഷൻ, തോപ്പുംപടി ബി.ഒ.ടി പാലം, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി-പഴങ്ങാട്, കണ്ടക്കടവ് എന്നിവടങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് ഗതാഗതം ക്രമപ്പെടുത്തും.
ഫോർട്ട്കൊച്ചിയിലേക്കെത്തുന്ന എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സ്വകാര്യ/കെ.എസ്.ആർ.ടി.സി ബസ്സുകൾ, ഫോർട്ട്കൊച്ചിയിൽ തിരക്ക് ആകുന്നതുവരെ ബി.ഒ.ടി തോപ്പുംപടി -കഴുത്തുമുട്ട് - പറവാന- പള്ളത്തുരാമൻ- വെളി വഴി ഫോർട്ട്കൊച്ചി ബസ് സ്റ്റാന്റിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കുന്നുംപുറം-അമരാവതി വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് സർവ്വീസ് നടത്തണം.
ഫോർട്ട്കൊച്ചിയിൽ തിരക്കായി കഴിഞ്ഞാൽ സ്വകാര്യ/ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൊച്ചിൻ കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന താത്ക്കാലിക ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കും. ഫോർട്ട്കൊച്ചിയിൽ നിന്നും മടങ്ങി പോകുന്നവർക്ക് കൊച്ചിൻ കോളേജ് ഗ്രൗണ്ടിലെത്തി അവിടെ നിന്നും ബസ്സിൽ തിരികെ തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് പോകാം.
കൊച്ചിൻ കോളേജ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ അവിടെ നിന്നും പാണ്ടിക്കുടി-സ്റ്റാച്യു ജംഗ്ഷൻ-കുമാർ പമ്പ് ജംഗ്ഷൻ-പരിപ്പ് ജംഗ്ഷൻ വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് തിരിച്ച് സർവ്വീസ് നടത്തണം. രാത്രി 12 ന് ശേഷം ബസ് സർവീസ് കൊച്ചിൻ കോളജ് ഗ്രൗണ്ട് ഭാഗത്ത് നിന്നും നഗരത്തിലേക്ക് ഉണ്ടാകും.


