- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെത്തിയാൽ ഇനി ദുർഗന്ധം കൊണ്ടു മൂക്കും പൊത്തിനടക്കേണ്ട; തദ്ദേശസ്വയംഭരണ സ്ഥാപനം സ്ഥാപിക്കുന്ന ആദ്യത്തെ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സജ്ജമായി
കണ്ണൂർ: കണ്ണൂർ നഗരത്തിലെത്തിയാൽ ഇനി മൂക്കുപൊത്തി നടക്കേണ്ട, ഓവുചാലുകളിലും തോടുകളിലും ഇനി മലിനജലം കെട്ടിക്കിടക്കില്ല, തണ്ണീർതടങ്ങളിലും ഇനി തെളിനീരൊഴുകും. കണ്ണൂർ നഗരത്തിലെ മലിനജലത്തിന് പരിഹാരമായ കോർപറേഷൻ പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ളാന്റ് ഉദ്ഘാടനത്തിനൊരുങ്ങി.
കണ്ണൂർ നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി പടന്നപ്പാലത്ത് നിർമ്മിച്ചിരിക്കുന്ന മലിനജല ശുദ്ധീകരണ പ്ളാന്റ് ഡിസംബർ മുപ്പതിന് നാടിന് സമർപ്പിക്കും. വീടുകളിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും മറ്റ് വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഓടകളിലേക്ക് ഒഴുക്കി വിടുന്ന മലിനജലം ഇന്ന് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. നഗരത്തിലെ മലിനജലം ഒഴുകി എത്തുന്നത് പ്രധാനമായും പടന്നത്തോടിലാണ്. ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിനായി കൗൺസിൽ മുൻകൈ എടുത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര അഴുക്കുചാൽ പദ്ധതിയും മലിനജല ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയുണ്ടായി.
കണ്ണൂർ നഗരത്തിലെ ഏറ്റവും കൂടുതൽ വ്യാപാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കാനത്തൂർ, താളിക്കാവ് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തിനായി 1 എംഎൽഡി (10 ലക്ഷം ലിറ്റർ) ശേഷിയുള്ള ആർഎംബിആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് മഞ്ചപ്പാലത്ത് നിർമ്മിക്കുകയും ഈ പ്ലാന്റിലേക്ക് മലിനജലം എത്തിക്കുന്നതിനായി 12.5 കി.മീ നീളം വരുന്ന വിപുലമായ സ്വീവേജ് നെറ്റ്‌വർക്ക് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 27.03 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതോടെ പ്രതിദിനം 10 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കുവാൻ സാധിക്കുന്നതാണ്. ഇവിടെ നിന്നുള്ള ജലം കൃഷിക്കും നിർമ്മാണ പ്രവൃത്തികൾക്കും മറ്റ് ഗാർഹികേതര ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇതോടുകൂടി കണ്ണൂർ നഗരത്തിലെ ഭൂഗർഭജലം മലിനപ്പെടുന്നത് തടയുവാനും പടന്നത്തോടിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാനും സാധിക്കുമെന്നും മാലിന്യമുക്ത നഗരത്തിലേക്കുള്ള ഒരു ചവിട്ടുപടിയാകുമെന്നും കോർപറേഷൻ മേയർ പറഞ്ഞു.
കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത് എന്നതും അഭിമാനകരമാണ്. ഇതോടൊപ്പം കാനത്തൂർ, താളിക്കാവ് വാർഡുകളിലെ മുഴുവൻ വീടുകളിലേക്കും സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു വരുന്നുണ്ട്. ഒരു വീട്ടിലേക്ക് കണക്ഷൻ നൽകുന്നതിന് 10,000 രൂപയിൽ അധികം ചെലവ് വരും. ഇത് കോർപ്പറേഷൻ വഹിക്കും. നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയാണ്. പ്ളാന്റിന്റെ ഉദ്ഘാടനം ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മേയർ അഡ്വ.ടി ഒ മോഹനന്റെ അധ്യക്ഷതയിൽമന്ത്രി.എം ബി രാജേഷ് നിർവ്വഹിക്കും.




