കൊച്ചി: ഗർഭസ്ഥശിശുവിന് വൃക്കസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാൽ ഗർഭച്ഛിദ്രത്തിന് അനുമതിതേടി ദമ്പതിമാർ നൽകിയ ഹർജി ഹൈക്കോടതി നിരസിച്ചു.

ഗർഭസ്ഥശിശുവിന്റെ ആരോഗ്യം മോശമല്ലെന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടുള്ളപ്പോൾ ഗർഭച്ഛിദ്രത്തിന് അനുമതിനൽകാനാകില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഗർഭച്ഛിദ്രത്തിന് അനുമതിതേടി ദമ്പതിമാർ നൽകിയ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗർഭച്ഛിദ്രത്തിന് അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചത്. ഗർഭം 30 ആഴ്ചയോളമായിരുന്നു. ഗർഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ആദ്യം എറണാകുളം മെഡിക്കൽ കോളേജിലെയും പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെയും വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയെ കോടതി ചുമതലപ്പെടുത്തി.

ഗർഭസ്ഥശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു രണ്ടുസമിതിയുടെയും റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് അനുമതിനൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.മെഡിക്കൽ റിപ്പോർട്ടുകൾ തങ്ങൾക്കും ആശ്വാസകരമാണെന്ന് ഹർജിക്കാരും കോടതിയിൽ അറിയിച്ചു.