കണ്ണൂർ: എട്ടാം ക്‌ളാസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ വിവിധ വകുപ്പുകൾ പ്രകാരം 95 വർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും കണ്ണൂർ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു. ചിറക്കൽ പഞ്ചായത്തിലെ 51 വയസുകാരനെയാണ് അതിവേഗ പ്രത്യേക പോക് സോ ജഡ്ജ് പി. നിഷ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ നാലു വർഷവും എട്ടു മാസവും കൂടുതലായി ശിക്ഷ അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ചു ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ശിക്ഷ അനുഭവിക്കണം. പീഡനത്തിന് ഇരയായ പെൺകുട്ടി സ്‌കുളിൽ ഛർദ്ദിക്കുന്നതും തലകറങ്ങി വീഴുന്നതും പതിവായോടെയാണ് കണ്ണൂർ ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. പിന്നീട് കോടതിയുടെ അനുമതിയോടെ ഗർഭഛിദ്രത്തിന് വിധേയമാക്കി. ഇതോടെ കുട്ടിയുടെ പഠനവും നിലച്ചു.

കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും പരിശോധിച്ചു. വളപട്ടണം സ്റ്റേഷനിലെ ഇൻസ്‌പെക്ടർമാരായ പി.വി. രാജൻ, എം.കൃഷ്ണൻ , പി.വി നിർമ്മല എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രൊസിക്യൂടർ കെ.പി. പ്രിതാകുമാരി ഹാജരായി.