തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിൽ നിന്ന് അനുമതി വാങ്ങണമെന്നതടക്കം നിർദേശവുമായി സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉത്തരവാദിത്തം ഇത്തരം സ്ഥലങ്ങളിലെ മാനേജ്മെന്റുകൾക്കായിരിക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മാനേജ്മെന്റോ സംഘാടകരോ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്നവർക്ക് എൻട്രി രജിസ്റ്റർ സൂക്ഷിക്കണം. പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെ സി സി ടി വി പ്രവർത്തന ക്ഷമമായിരിക്കണമെന്നും പൊലീസിന്റെ നിർദേശമുണ്ട്.

ആഘോഷ പരിപാടികൾ നടക്കുന്ന വേദികളിലും പൊതുസ്ഥലങ്ങളിലും ബീച്ചുകളിലുമായി 1500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിക്കും. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും പിടികൂടാനുമായി പുരുഷ / വനിത മഫ്തി പൊലീസ് ടീമുകളുണ്ടാകും.

തീരദേശ മേഖലകളിൽ മത്സ്യബന്ധന ബോട്ടുകളിലും വള്ളങ്ങളിലും മറ്റും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് പതിവുള്ളതിനാൽ കടലുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിങ് ശക്തമാക്കുമെന്നും കമ്മീഷണർ അറിയിച്ചു.