കണ്ണൂർ: കണ്ണൂർ കോർപറേഷൻ നടപ്പിലാക്കിയ പടന്ന പാലത്തെ മാലിന ജല പ്‌ളാന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ സംഘർഷം. തന്നെ പ്രോട്ടോക്കോൾ പ്രകാരം പ്രസംഗിക്കാൻ അനുവദിച്ചില്ലെന്നു ആരോപിച്ചാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് വിമത നേതാവുമായ പി.കെ രാഗേഷും മേയർ ടി.ഒ.മോഹനനും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഒടുവിൽ പൊലീസ് ഇടപെട്ടു പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു പോയതിനു ശേഷമാണ് സംഘർഷമുണ്ടായത്. നോട്ടീസിൽ പേരുണ്ടായിട്ടു. തന്നെ പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്നായിരുന്നു പി.കെ. രാഗേഷിന്റെ ആരോപണം. എന്നാൽ മേയർ വിവിധ പാർട്ടി നേതാക്കളെ ഇതു അവഗണിച്ചു ക്ഷണിച്ചപ്പോഴാണ് മൈക്കിന് വേണ്ടി പിടിവലിയും സംഘർഷവുമുണ്ടായത്. മേയർ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ച പി.കെ.രാഗേഷും മറ്റു കൗൺസിലർമാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.

ഉദ്ഘാടന ദിവസം രാവിലെ കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.കെ. രാഗേഷ്. രംഗത്തെത്തിയിരുന്നു. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പണിപൂർത്തിയാകാത്ത പല പദ്ധതികളും ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് അഴിമതിയുടെ ഭാഗമാണെന്ന് പി.കെ. രാജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് 50 ശതമാനം പോലും പണിപൂർത്തിയാകാതെയാണ് ഉദ്ഘാടനം ചെയ്തത്. 12.5 കിലോമീറ്റർ നീളത്തിൽ രണ്ടു വാർഡുകളിലായി പൂർത്തീകരിക്കേണ്ട 2.5 കിലോമീറ്ററിലധികം പൈപ്പ് ലൈൻ ഇനിയും വലിക്കാൻ ബാക്കിയുണ്ട്. കൂടാതെ ലൈൻ വന്ന പ്രദേശത്തെ മുഴുവൻ വീടുകളെയും മറ്റ് സ്ഥാപനങ്ങളെയും കണക്ട് ചെയ്ത് മാലിന്യം നിറഞ്ഞ വെള്ളം 40% എങ്കിലും പ്ലാന്റിലെത്തിച്ചാൽ മാത്രമേ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ.

എന്നാൽ സ്വന്തമായി സ്ഥാപനങ്ങളിൽ പ്ലാന്റ് സ്ഥാപിക്കേണ്ട സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടി അവരുടെ മാലിന്യങ്ങൾ ടാങ്കിലെ വെള്ളം മാത്രം കണക്ട് ചെയ്ത് ഒരു വീട്ടിൽ പോലും കണക്ഷൻ കൊടുക്കാതെ പ്ലാന്റ് ഔദ്യോഗികമായി കമ്മീഷൻ ചെയ്തത് കോടികളുടെ അഴിമതി നടത്താൻ വേണ്ടി മാത്രമാണ്. അതിനുവേണ്ടിയാണ് പ്ലാന്റ് തട്ടിക്കൂട്ടി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത്. പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാൽ കമ്പനിയുടെ വാറണ്ടി കാലാവധി് അവസാനിക്കും. അപ്പോൾ ഒരു പ്രവർത്തനം പോലും നടക്കാതെ നെറ്റ്‌വർക്ക് തകരാറാവുകയും യന്ത്രങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സാധിക്കാതെ വരികയും ചെയ്യും.

അത്തരം സാഹചര്യത്തിൽ കമ്പനി കരാറിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള വഴിയൊരുക്കി അതിൽ നിന്ന് കോടികൾ തട്ടിയെടുക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ നിലനിൽക്കുന്ന കാലം വരെയും അദാനി ഗ്രൂപ്പിന്റെ ഗ്യാസ് പൈപ്പ് ലൈൻ കണ്ണൂർ കോർപ്പറേഷനിലൂടെ കടന്നുപോകുന്ന കാലത്തോളം കോർപ്പറേഷൻ ലഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപ തറവാടക അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുത്ത് കോർപ്പറേഷന്റെ തനത് വരുമാനം അട്ടിമറിക്കുകയായിരുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആസൂത്രണം ചെയ്ത് പ്രവൃത്തി ആരംഭിച്ച പയ്യാമ്പലം പാർക്ക് പ്രവർത്തനം പൂർണമായും ഉപേക്ഷിച്ച നിലയിലാണ്.

മരക്കാർ കണ്ടിയിൽ സ്ഥാപിച്ച അറവുശാല പയ്യാമ്പലം ഇലക്ട്രിക് ശ്മശാനം തുടങ്ങിയവയെല്ലാം കോടികൾ ഉപയോഗിച്ചാണ് നടപ്പാക്കിയതെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല പയ്യാമ്പലം ഇലക്ട്രിക് ശ്മശാനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സോണ്ട കമ്പനിക്ക് കരാർ നൽകേണ്ടതില്ല എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും. ആ കമ്പനിക്ക് തന്നെ കരാർ നൽകി 10% അഡ്വാൻസായി 70 ലക്ഷത്തോളം രൂപ കോർപ്പറേഷൻ നഷ്ടപ്പെടുത്തി. അതിൽ ഒരു ചില്ലിക്കാശ് പോലും ഇതുവരെ തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല.

കണ്ണൂർ സെൻട്രൽ മാർക്കറ്റ് അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ചത് വഴി വാടകയ്ക്ക് പോലും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളഥ്. നടക്കുന്നതെല്ലാം എന്റെ മിടുക്കും നടക്കാത്തതെല്ലാം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന നിലപാടാണ് മേയർ സ്വീകരിക്കുന്നത്. കണ്ണൂർ കോർപ്പറേഷന്റെ തീരാ ശാപമായ പടന്നത്തോട് മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. എന്നാൽ അത് പൂർത്തിയാക്കാതെ കോടികൾ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പ്രവർത്തനം മുന്നോട്ട് പോയതെന്നും രാഗേഷ് പറഞ്ഞു. കോർപറേഷൻ കൗൺസിലർ കെ.വി. അനിത, എം വി പ്രദീപ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.