- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി പിന്നിട്ടു; നേട്ടം ആറര വർഷത്തിനുള്ളിൽ

കൊച്ചി: കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. വെറും ആറര വർഷത്തിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.
ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്ന വാചകവുമായി കൊച്ചിക്കാരുടെ ഇടയിലേക്കെത്തിയ കൊച്ചി മെട്രോ മധുരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. സർവ്വീസ് ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ പ്രവർത്തച്ചെലവുകൾ വരുമാനത്തിൽനിന്നുതന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെ.എം.ആർ.എല്ലിന് സാധിച്ചു. ദൈനംദിന യാത്രകൾക്കായി മെട്രോയെ തിരഞ്ഞെടുത്ത് ഇപ്പോൾ ആ മധുരം ഇരട്ടിയാക്കുകയാണ് കൊച്ചി നിവാസികൾ. 2021 ഡിസംബർ 21-നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനം 2022 ജൂലൈ 14-ന് യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് കോടിയാളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.
2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർത്ഥികൾക്കുൾപ്പെടെയുള്ള വിവിധ യാത്ര പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ ഫലം കണ്ടുവെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.
2023 ജനുവരിയിൽ 79130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഡിസംബറിൽ 94000 ആയി ഉയർന്നു. ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. 2023 ഒക്ടോബർ 21-നാണ് കൊച്ചി മെട്രോയിൽ ഈ വർഷം ഇതുവരെ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 132,161 യാത്രക്കരാണ് അന്നേദിവസം ഉണ്ടായിരുന്നത്. ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും 2023 ഒക്ടോബർ 21-നാണ്. നിർമ്മാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.
സാങ്കേതിക വിദ്യയിൽ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയിലൂടെ കെ.എം.ആർ.എല്ലിന് പ്രവർത്തന ചെലവുകളെ പിടിച്ചുനിർത്താൻ സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന മഴവെള്ള സംഭരണം, സൗരോർജ്ജ പദ്ധതികൾ എന്നിവയും കൊച്ചി മെട്രോയെ വേറിട്ടതാക്കുന്നു.
ഡിജിറ്റൽ ടിക്കറ്റിങ്ങിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. കൊച്ചി വൺ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിങ് സൗകര്യം നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ഉടൻ നിലവിൽ വരുമെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.


