തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ 31 ന് രാത്രി സ്വകാര്യ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് മണിക്കൂറും പ്രവർത്തിക്കും. 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചത്. ഈ സേവനം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസുള്ളത്.

ഡിസംബർ 31ന് രാത്രി എട്ട് മുതൽ ജനുവരി 1 പുലർച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോൾ പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ മാർച്ച് പത്ത് മുതൽ രാത്രി പത്ത് മണി വരെയേ പമ്പുകൾ പ്രവർത്തിക്കുകയുള്ളുവെന്നും അസോസിയേഷൻ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിർമ്മാണം വേണമെന്നാണ് ആവശ്യം.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് പ്രതിഷേധിക്കുന്നത്.