- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെവിടെയും എത്തിക്കും; 'ബൈക്ക് എക്സ്‌പ്രസു'മായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: റെയിൽവേ മാതൃകയിൽ ഇരുചക്രവാഹനങ്ങൾ സംസ്ഥാനത്തെവിടെയും എത്തിക്കുന്നതിനായി 'ബൈക്ക് എക്സ്‌പ്രസു'മായി കെ.എസ്.ആർ.ടി.സി. പുതിയ വരുമാന സാധ്യതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിലവിൽ റെയിൽവേയുടെ മാത്രം കുത്തകയായ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി കടന്നുചെല്ലുന്നത്. പ്രാഥമിക ഘട്ടത്തിൽ വർക്ക്‌ഷോപ്പ് വാനുകൾ രൂപമാറ്റം വരുത്തിയാണ് ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകുന്നതിന് സംവിധാനമൊരുക്കുക.
തിരുവനന്തപുരം പാപ്പനംകോടുള്ള സെൻട്രൽ വർക്ക്‌ഷോപ്പിൽനിന്ന് മേഖല വർക്ക്‌ഷോപ്പുകളിലേക്ക് നിരന്തരം സ്‌പെയർ പാർട്‌സുമായി വർക്ക്‌ഷോപ്പ് വാനുകൾ ഓടുന്നുണ്ട്. സ്‌പെയർപാർട്‌സുകൾ നിറച്ച ശേഷം ഒഴിവ് വരുന്ന ഭാഗമാണ് ബൈക്കുകൾ കൊണ്ടുപോകാനായി ക്രമീകരിക്കുക. ഒരുവാനിൽ ചുരുങ്ങിയത് 10 ബൈക്കുകൾ കൊണ്ടുപോകാനുള്ള സൗകര്യമുണ്ടാകും.
റെയിൽവേയെക്കാൾ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 'ബൈക്ക് എക്സ്‌പ്രസുകൾ' ഓടുന്നതോടെ ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നതും കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷയാണ്. റെയിൽവേയിലേത് പോലെ നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ വേഗത്തിൽ പാർസൽ കൈമാറ്റം നടത്താനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. നിരക്കും വ്യവസ്ഥകളും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തിൽ രണ്ടു വാഹനങ്ങളാണ് ബൈക്ക് എക്സ്‌പ്രസുകളായി രൂപമാറ്റം വരുത്തുന്നത്. അടുത്ത ഘട്ടത്തിൽ എല്ലാ ഡിപ്പോകളെയും ഉൾപ്പെടുത്തി ശൃംഖല വിപുലപ്പെടുത്താനും ആലോചനയുണ്ട്. കെ.എസ്.ആർ.ടി.സിയുടെ മേഖല വർക്ക്‌ഷോപ്പുകളിൽനിന്ന് ഡിപ്പോകളിലേക്ക് വർക്ക്‌ഷോപ്പ് വാനുകൾ ഓടുന്നുണ്ട്. ഇവയെയാണ് വരും ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുക. ബസ് സർവിസുകളെ ഉപയോഗപ്പെടുത്തിയുള്ള പാർസൽ സംരംഭമായ 'കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്‌സി'ന്റെ തുടർച്ചയായാണ് പുതിയ സംവിധാനവുമെത്തുന്നത്. 16 മണിക്കൂർകൊണ്ട് കേരളത്തിൽ എവിടെയും സാധനങ്ങൾ എത്തിക്കാവുന്ന കൊറിയർ സർവിസ് ഇതിനോടകം ലാഭ ട്രാക്കിലാണ്.




