തിരുവനന്തപുരം: രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. തിരുവനന്തപുരത്തെ നേമം റെയിൽവേ സ്റ്റേഷന്റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സർക്കാർ സമ്മതം നൽകിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടർ നടപടികളുടെ ഭാഗമായി ട്രാൻസ്പോർട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകി.

നേമം റെയിൽവേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനുമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിൽ നേരത്തെ തന്നെ ആലോചനകൾ നടന്നിരുന്നു. റെയിൽവേ ബോർഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് പേരുമാറ്റത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി അനുമതി നൽകി കൊണ്ടാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകിയത്. ഇനി ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാർഥ്യമാകും.