തൊടുപുഴ: നവീകരിച്ച മൂന്നാർ - ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് നവീകരിച്ച മൂന്നാർ - ബോഡിമെട്ട് റോഡ്. മൂന്നു തവണ മാറ്റിവച്ചതാണ് ഇതിന്റെ ഉദ്ഘാടനം. ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിക്കും.

5ന് വൈകിട്ട് 4ന് പഴയ മൂന്നാർ കെഡിഎച്ച്പി കായിക മൈതാനത്താണ് ഉദ്ഘാടന വേദി. അന്നു രാവിലെ കാസർകോട്ടു നടക്കുന്ന ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി കൊച്ചിയിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്ററിൽ പഴയ മൂന്നാറിലെ ഹൈ ഓൾട്ടിറ്റിയൂഡ് സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം ഉദ്ഘാടന വേദിയിലെത്തും.

ഊരാളുങ്കൽ സൊസൈറ്റിക്കാണ് പഴയ മൂന്നാറിലെ ഉദ്ഘാടന വേദിയുടെയും മറ്റും നിർമ്മാണച്ചുമതല. 2017 സെപ്റ്റംബറിലാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ (42 കീ.മീ) നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 381.76 കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള റോഡ് നിർമ്മിച്ചത്.