കൊല്ലം: ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാൻ സ്‌കൂട്ടറിൽ പോയ യുവാവിനെ തടഞ്ഞുനിർത്തി മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കരുനാഗപ്പള്ളി പാവുമ്പ കാളിയമ്പലം കുട്ടത്തേത് വടക്കതിൽ ബിനു എന്ന തബൂക്ക് (26), പാവുമ്പ ചെറുവേലി കിഴക്കതിൽ ശ്രീക്കുട്ടൻ(24), പാവുമ്പ മണപ്പള്ളി തെക്ക് പുത്തരേത്ത് തെക്കതിൽ രാജേഷ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പാവുമ്പ സ്വദേശിയായ അനിൽ കുമാറിനെയാണ് ഇവർ അക്രമിച്ചത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം

കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷത്തിൽ പ്രതികൾക്ക് മർദനമേറ്റിരുന്നു. മർദിച്ച സംഘത്തിൽ ഉൾപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് രാത്രി 10.30 മണിയോടെ ക്ഷേത്രത്തിലേക്ക് സ്‌കൂട്ടറിൽ വന്ന അനിൽ കുമാറിനെ വെട്ടത്തേത്ത് ജങ്ഷനിൽ വച്ച് തടഞ്ഞ് നിറുത്തി പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കമ്പി വടിയും തടിക്കഷ്ണങ്ങളും കൊണ്ട് അനിൽ കുമാറിനെ അടിച്ച് താഴെയിട്ട പ്രതികൾ ഇയാളെ മർദിച്ച് അവശനാക്കുകയും ചെയ്തെന്നാണ് പരാതി. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്‌ഐ ഷമീർ, എഎസ്ഐ ജോയ്, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം, ബഷീർ ഖാൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.