- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാലാം തിയതി തിരി തെളിയും; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ: മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനംചെയ്യും
കൊല്ലം: ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി നാലിന് കൊല്ലത്ത് തിരിതെളിയും. . നാലിന് രാവിലെ ഒൻപതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന് പതാക ഉയർത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ഹൈസ്‌കൂൾവിഭാഗം വിദ്യാർത്ഥികളുടെ മോഹിനിയാട്ട മത്സരം ആയിരിക്കും ആദ്യം നടക്കുക.
നാലിന് രാവിലെ ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. പത്തിന് നടിയും നർത്തകിയുമായ ആശ ശരത്തും സ്‌കൂൾ വിദ്യാർത്ഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരമുണ്ട്. പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനംചെയ്യും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ്‌കുമാർ, പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, എൻ.കെ.പ്രേമചന്ദ്രൻ എംപി., ചലച്ചിത്രതാരം നിഖില വിമൽ തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും.
ആദ്യദിവസം 23 വേദികളിൽ മത്സരങ്ങൾ നടക്കും. എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ സുവനീർ പ്രകാശനംചെയ്യും. നടൻ മമ്മൂട്ടി സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കും.
കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയത് കവി കുരീപ്പുഴ ശ്രീകുമാറും ബീയാർ പ്രസാദും ചേർന്നാണ്. വിശിഷ്ടാതിഥികൾക്ക് പുസ്തകമാണ് സമ്മാനമായി നൽകുക. മത്സരഫലത്തെപ്പറ്റി തർക്കമുണ്ടായാൽ പരിഹരിക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജനുവരി മൂന്നിന് രാവിലെ പത്തരയ്ക്ക് കൊല്ലം ടൗൺ എൽ.പി.എസിൽ രജിസ്ട്രേഷൻ തുടങ്ങും. ഓരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. 31 സ്‌കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
മന്ത്രി കെ.എൻ.ബാലഗോപാൽ, പി.സി.വിഷ്ണുനാഥ് എംഎൽഎ., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, എ.ഡി.പി.ഐ. സന്തോഷ്, കൊല്ലം ഡി.ഡി.ഇ. ലാൽ, മേയർ പ്രസന്ന ഏണസ്റ്റ്, മീഡിയ കമ്മിറ്റി കൺവീനർ പോരുവഴി ബാലചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.