കൊയിലാണ്ടി: മൂന്നും രണ്ടും വയസ്സുള്ള മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷം ഉള്ളിൽച്ചെന്നതിനെത്തുടർന്ന് അവശരായ കുട്ടികളെ പൊലീസും നാട്ടുകാരുംചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുട്ടികൾ അപകടനില തരണംചെയ്തതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. മക്കളെ വിഷംകൊടുത്തുകൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി.

അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യ ഇദ്ദേഹത്തെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം പോയിരുന്നു. തുടർന്ന് ഇയാൾ കുട്ടികളെ ബന്ധുവീട്ടിലാക്കുകയായിരുന്നു. കഴിഞ്ഞദിവസം കുട്ടികളെ ബന്ധുവീട്ടിൽനിന്ന് ഇയാൾ കൊണ്ടുപോയി. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ അക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊയിലാണ്ടി, വടകര പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടികളെ രക്ഷിക്കാനായത്. കുട്ടികളെ ഉപേക്ഷിച്ച് പോയതിനെത്തുടർന്ന് അമ്മയുടെയും സുഹൃത്തായ യുവാവിന്റെയും പേരിൽ പൊലീസ് കേസെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.