കൊച്ചി: കളിക്കുന്നതിനിടെ അടുത്ത വീട്ടുവളപ്പിലേക്കു തെറിച്ചുപോയ ഫുട്‌ബോൾ എടുക്കാൻ ചെന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കാൽ വീട്ടുടമ പട്ടിക കൊണ്ടു തല്ലിയൊടിച്ചുവെന്ന് പരാതി. പൂണിത്തുറ വളപ്പിക്കടവ് കോളനി ബ്ലായിത്തറയിൽ അനിൽകുമാറിന്റെ മകൻ നവീനാണു പരുക്ക്. വീട്ടുടമ ബാലനെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.

കൂട്ടുകാരൊത്തു വീടിനടുത്ത പറമ്പിൽ കളിക്കുന്നതിനിടെ പന്തു സമീപത്തെ വീട്ടുവളപ്പിലേക്കു തെറിച്ചു വീണു. എടുക്കാൻ ചെന്ന നവീനെ വീട്ടുടമ പട്ടിക കൊണ്ടു മുതുകിലും കാലിലും അടിച്ചു. അടിയേറ്റ നവീൻ കരഞ്ഞുകൊണ്ട് ഓടി. മറ്റു കുട്ടികളും പേടിച്ച് ഓടിപ്പോയി. തുടർന്ന് വീട്ടിലെത്തി നവീൻ മാതാപിതാക്കളോടു വിവരം പറഞ്ഞു. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാലിന്റെ എല്ലിന് 2 പൊട്ടൽ ഉള്ളതായി എക്‌സ്റേയിൽ കണ്ടെത്തുകയായിരുന്നു. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.