കോഴിക്കോട് :മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസിൽ രണ്ട് പേർക്കെതിരെ വകുപ്പ് തല നടപടി.ചീഫ് നഴ്‌സിങ്ങ് ഓഫീസർ, നഴ്‌സിങ്ങ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റി. ഡിഎംഇ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ചീഫ് നഴ്‌സിങ്ങ് ഓഫീസർ സുമതി, നഴ്‌സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണി എന്നിവർക്കെതിരെയാണ് നടപടി. സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും ബെറ്റി ആന്റണിയെ കോന്നിയിലേക്കും സ്ഥലം മാറ്റി.പരാതി കൈകാര്യം ചെയ്തതിൽ ഇരുവർക്കും വീഴ്ച പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.

അതിജീവിതക്കായി നഴ്‌സ് അനിത ഇവർ മുഖേനയാണ് പരാതി നൽകിയത്. ഈ പരാതിയിൽ വേണ്ട രീതിയിൽ ഇരുവരും നടപടി എടുത്തില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.പീഡനക്കെസിലെ മുഖ്യപ്രതി അറ്റൻഡർ ശശീന്ദ്രനെതിരെ നേരത്തെ പൊലീസ് കുറ്റപത്രം നൽകിയതാണ്. അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതിജീവിതക്ക് അനുകൂല നിലപാടെടുത്ത നഴ്‌സ് അനിതയെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.ഇത് പിന്നീട് ട്രിബ്യൂണൽ തടഞ്ഞു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചന്നാണ് കേസ്.