തിരുവനന്തപുരം: പാറശാലയിൽ സ്‌കൂളിൽ കിണറ്റിനുള്ളിൽ ആഴ്ചകൾക്ക് മുമ്പ് രണ്ട് പാമ്പുകളെ കണ്ടെത്തിയത് അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ അവഗണിച്ചതിൽ രക്ഷിതാക്കളുടെ പ്രതിഷേധം. കൊടവിളാകം സർക്കാർ എൽ.പി. സ്‌കൂളിലാണ് സംഭവം. ആഴ്ചകളായി രണ്ടുപാമ്പുകളാണ് കിണറ്റിൽ കഴിയുന്നത്. പാമ്പുകളെ എടുത്തുമാറ്റാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിക്കുകയായിരുന്നു.

പാമ്പുകളെ കിണറ്റിൽ കണ്ടപ്പോൾ തന്നെ വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. സ്‌കൂൾ അധികൃതർ പാമ്പുകളെ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ അറിയിച്ചു. എന്നാൽ, പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല.

ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറന്ന് വിദ്യാർത്ഥികൾ തിരിച്ചെത്തിയിട്ടും പാമ്പ് കിണറ്റിൽ തന്നെ കണ്ടതോടെ കുട്ടികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ ഫയർഫോഴ്‌സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പാമ്പുകളെ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനിടെ പിടിഎ അധികൃതരും രക്ഷിതാക്കളും തമ്മിൽ വലിയതോതിൽ വാക്കേറ്റം ഉണ്ടായി.