തിരുവനന്തപുരം: വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയൽവാസികളാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകനൊപ്പമായിരുന്നു താമസം. പുതുവത്സരാഘോഷത്തിന് മകൻ സജി വട്ടപ്പാറയിലുള്ള ഭാര്യയുടെ വീട്ടിൽ പോയി. ഈ സമയത്ത് ദമ്പതികൾ തൂങ്ങിമരിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സജി രാവിലെ കൃഷ്ണൻ ആചാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഫോണിൽ കിട്ടാതിരുന്നപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

കൃഷ്ണൻ ആചാരിയെ ശുചിമുറിയിലും വസന്തകുമാരിയെ കുളിമുറിയിലായുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഇരുവർക്കും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒരുമിച്ചേ മരിക്കുകയുള്ളൂവെന്ന് ദമ്പതികൾ പലപ്പോഴും പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.