മൂന്നാർ: മറയൂരിൽ ഭൂമി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് വ്യവസായിയിൽനിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. ആനച്ചാൽ മന്നാക്കുടി പാറക്കൽ ഷിഹാബ് (41), അയൽവാസിയും സുഹൃത്തുമായ പിണങ്ങാട്ട് ഷിബു (46) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ ഉദുമൽപേട്ടയിൽനിന്നാണ് ഇരുവരേയും അറസ്റ്റുചെയ്തത്. ഇവർ തട്ടിയെടുത്ത എട്ടു ലക്ഷം രൂപയും കണ്ടെടുത്തു.

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ബാഹുലേയനാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. വെള്ളിയാഴ്ച രാത്രി പള്ളിവാസൽ ഫാക്ടറിക്ക് സമീപത്താണ് സംഭവം. മറയൂരിൽ അര ഏക്കറോളം ഭൂമി ഒന്നരക്കോടി രൂപയ്ക്ക് വാങ്ങി നല്കാമെന്ന് ഒന്നാം പ്രതിയായ ഷിഹാബ് മനുവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഷിഹാബ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വാൻസ് നൽകുന്നതിനായി എട്ടുലക്ഷം രൂപയുമായി മനു ബന്ധുവിനൊപ്പം പള്ളിവാസലിലെത്തി. സംസാരിക്കുന്നതിനിടയിൽ ഷിഹാബും ഒപ്പമുണ്ടായിരുന്ന ഷിബുവും ചേർന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സമീപമുള്ള തേയിലത്തോട്ടത്തിലേക്ക് ഓടിപ്പോവുക ആയിരുന്നു.

തുടർന്ന് മനു മൂന്നാർ പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. പൊലീസ് ഇരുവരെയും മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ.അരമന, എസ്‌ഐ. അജേഷ് കെ.ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡുചെയ്തു.