മൂന്നാർ: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിക്കെതിരേ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ഝാർഖണ്ഡ് സ്വദേശിയായ സെലനെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. ഇയാൾക്കൊപ്പം ഭാര്യ സുമരി ബുർജോയെയും കഴിഞ്ഞദിവസം മുതൽ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മൂന്നാർ ചിട്ടിവര എസ്റ്റേറ്റിൽ അതിഥിത്തൊഴിലാളികളുടെ മകളായ പതിനൊന്നുകാരി പീഡനത്തിനിരയായത്. കുട്ടിയെ വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഝാർഖണ്ഡ് സ്വദേശികളായ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തി. ഈസമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു.

മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെപേരിൽ പോക്സോ വകുപ്പനുസരിച്ച് കേസെടുത്തതായി മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ. അരമന പറഞ്ഞു. പ്രതിക്കായി കഴിഞ്ഞദിവസം മേഖലയിലാകെ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയ്ക്കൊപ്പം പ്രതി കടന്നുകളഞ്ഞതായി കണ്ടെത്തിയത്.