തിരുവനന്തപുരം: നവകേരള സദസ്സിന് അന്ത്യകൂദാശ നൽകുമെന്ന കോൺഗ്രസിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി വി എൻ വാസവൻ. ബിവറേജസിന് മുന്നിൽ കൂടുന്ന ഖദർ ധാരികൾ പോലും കോൺഗ്രസിന്റെ ജനവിരുദ്ധ സദസ്സിന് ഉണ്ടായിട്ടില്ലെന്നും ആ പാർട്ടി അവസാനിക്കാൻ പോകുന്നുവെന്നും വാസവൻ പ്രതികരിച്ചു.

ഇരമ്പിയാർക്കുന്ന ജനസമൂഹം കേരളമാകെ ഒഴുകിയെത്തിയപ്പോൾ യഥാർഥത്തിൽ സായാഹ്നങ്ങളിൽ ബിവറേജസിന് മുന്നിൽ കൂടുന്ന ഖദർ ധാരികൾ പോലും അവരുടെ ജനവിരുദ്ധ സദസ്സുകളിൽ ഉണ്ടായിരുന്നില്ല. പത്തോ അമ്പതോ നൂറേ പേരേ വെച്ചിട്ട് ഇരമ്പിയാർത്തുവരുന്ന ജനസമൂഹത്തെ അവർ നേരിടുമെന്നാണ് പറയുന്നത്.

നവകേരള സദസ്സ് വിജയിച്ചുകഴിഞ്ഞപ്പോൾ അതിനെതിരായി മാധ്യമങ്ങൾ വഴി കലാപമുണ്ടാക്കുന്നത് ഒഴിച്ചുനിർത്തിയാൽ ജനങ്ങളുടെ ഇടയിലേക്കിറങ്ങി ഏതെങ്കിലും തരത്തിൽ കലാപം ഉണ്ടാക്കാനോ ജനങ്ങളെ സ്വാധീനിക്കാനോ 10 പേരെ കൂട്ടി ഒരു പരിപാടി നടത്താനോ പ്രതിപക്ഷത്തിന് കഴിഞ്ഞോ എന്നും അവർ എന്തിനാണ് ഇപ്പോൾ ഈ ബഹളമുണ്ടാക്കുന്നതെന്നും വാസവൻ ചോദിച്ചു.

നവകേരള സദസ്സിനെതിരായ കോൺഗ്രസ് പ്രതിഷേധം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിനും വിമർശിച്ചു. സർക്കാരിനെ വെല്ലുവിളിക്കുന്നു എന്നതിലുപരി ജനങ്ങളുമായി സംവദിക്കാൻ വരുന്നവരെ വെല്ലുവിളിക്കുന്നതാണ് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധങ്ങൾക്ക് അതിന്റെതായ തലമുണ്ട്. പ്രതിഷേധിക്കാൻ ഭരണഘടന അനുവദിക്കുന്നുമുണ്ട്. എന്നാൽ അത് ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ ആകരുതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.