തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല്, അഞ്ച് തീയതികളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി എറണാകുളം ജില്ലയിലും അഞ്ചിന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.

കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ അഞ്ചാം തീയതി വരെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്ന് ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെയും മറ്റന്നാളും ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അഞ്ചാം തീയതിയും ആറാം തീയതിയും മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.