- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ തൊഴിലാളികൾ ചേരിതിരിഞ്ഞു ഏറ്റുമുട്ടി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഓട്ടോ പാർക്കിംഗിനെ ചൊല്ലി ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിൽ തർക്കം കയ്യാങ്കളിയിലെത്തി. കോർപ്പറേഷൻ പരിധിക്ക് പുറത്ത് സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കോർപ്പറേഷൻ പരിധിക്ക് പുറത്ത് നിന്നുള്ള ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്ത് ആളുകളെ കയറ്റുന്നതിനെതിരെ നേരത്തെ മുതലുണ്ടായിരുന്നു തർക്കമാണ് കയ്യാങ്കളിയിലും വാക്കേറ്റത്തിലും കലാശിച്ചത്.
പാർക്ക് ചെയ്യാൻ മോട്ടോർ വെഹിക്കിൾ വിഭാഗം നൽകുന്ന സ്റ്റിക്കർ ഇല്ലാതെ സർവ്വീസ് ചെയ്യുന്നത് തടയുമെന്ന് കോർപ്പറേഷൻ പരിധിയിൽ സർവ്വീസ് നടത്തുന്ന ഓട്ടോ ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്‌ച്ച ഉച്ചയോടെ എൻ എസ് തിയേറ്ററിനടുത്ത പാർക്കിങ് കേന്ദ്രത്തിന് സമീപം വെച്ച് കോർപ്പറേഷന് പുറത്ത് ഓടുന്ന ഓട്ടോറിക്ഷക്കാരൻ ആളെ കയറ്റുന്നത് കണ്ട് ഇത് ചോദ്യം ചെയ്തപ്പോൾ അവിടെ നിന്നും ഓട്ടോയുമായി കടന്നുകളഞ്ഞു.
ഇതേ തുടർന്ന് മറ്റ് ഓട്ടോ റിക്ഷക്കാർ രക്ഷപ്പെട്ട ഓട്ടോ താലൂക്ക് ഓഫീസിന് മുന്നിൽ തടയുകയും ചെയ്തു. ഇതോടെയാണ് സംഘർഷത്തിലേക്ക് കടന്നത്. അരമണിക്കൂറിലധികം നഗരപരിധിയിൽ ഓട്ടോ ഓടിക്കുന്നവരും നഗരത്തിന് പുറത്ത് ഓട്ടോ ഓടിക്കുന്നവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
സ്വതന്ത്ര ഓട്ടോ റിക്ഷാ തൊഴിലാളിയൂനിയൻ നേതാവ് ലക്ഷ്മണന്റെ നേതൃത്വത്തിലാണ് ഓട്ടോ റിക്ഷ തടഞ്ഞത്. ഇവിടെ നിന്നും ഓട്ടോ റിക്ഷ എടുക്കാൻ വിടില്ലെന്നും പൊലീസ് എത്തിയതിന് ശേഷം തീർപ്പുണ്ടാക്കി പോയാൽ മതിയെന്നായിരുന്നു ഓട്ടോ തടഞ്ഞവരുടെ നിലപാട്. ഇതോടെ നഗരപരിധിക്ക് പുറത്ത് നിന്നും കൂടുതൽ ഓട്ടോറിക്ഷക്കാർ എത്തിയതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും വെല്ലുവിളിക്കുകയും ചെയ്തതോടെ വാക്കേറ്റം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.
ഇതിനിടെ പൊലീസിനെ വിളിച്ചുവെങ്കിലും ട്രാഫിക്ക് പൊലീസ് സ്റ്റേഷനിൽ നിന്നോ ടൗൺ പൊലീസ് സ്റ്റേഷിനിൽ നിന്നോ ആരും വന്നില്ല. ഇതോടെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. പൊലീസിനെ വിവരം അറിയിച്ച് ഒരുമണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയതും ഓട്ടോഡ്രൈവറെയും ഓട്ടോയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.
കോർപ്പറേഷൻ പരിധിയിൽ നിന്നും കോർപ്പറേഷന് പുറത്തേക്ക് പോയാൽ അവിടെയുള്ള പാർക്കിങ് കേന്ദ്രത്തിൽ നിന്നും ആളുകളെ കയറ്റാൻ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതേ നിയമം കോർപ്പറേഷന് പുറത്ത് നിന്നും നഗരപരിധിയിലെ പാർക്കിങ് കേന്ദ്രത്തിൽ വാഹനങ്ങൾക്കും ബാധകമാണ്. ഇത് സംബന്ധിച്ച് കോടതി ഉത്തരുവുണ്ടെന്നും അത് പാലിക്കാത്തവരെ ഇനിയും തടയുമെന്ന് സ്വതന്ത്രഓട്ടോ റിക്ഷ യൂനിയൻ നേതാക്കൾ പറഞ്ഞു.
എന്നാൽ കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്നവർക്ക് പെർമിറ്റ് നൽകുന്നതിൽ കോർപറേഷന്റെയും ട്രാഫിക്ക്പൊലിസിന്റെയും അനാസ്ഥയാണ് സംഘർഷത്തിനിടയാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നേരത്തെ ഇതേ വിഷയത്തിൽ തലശേരി നഗരത്തിലും ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിൽ ചേരിതിരിഞ്ഞു അടിനടന്നിരുന്നു. ഇതേതുടർന്ന് നഗരസഭയും ട്രാഫിക്ക് അഥോറിറ്റിയും സംയുക്തയോഗം വിളിച്ചാണ് വിഷയംതാൽക്കാലികമായി പരിഹരിച്ചത്. യോഗതീരുമാനപ്രകാരം തലശേരിയിൽ പെർമിറ്റ് നൽകുന്നത് തുടങ്ങിയിട്ടുണ്ട്.