പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ഒപി വിഭാഗത്തിനു മുന്നിൽ മച്ചിന്റെ പാളികൾ ഇളകി വീണു. രോഗികൾ കാത്തിരിക്കുന്ന ഭാഗത്തെ മേൽക്കൂരയുടെ താഴെയുള്ള മച്ചിന്റെ പാളികളാണ് ഇളകി വീണത്. സംഭവത്തിൽ ആർക്കും പരുക്കില്ല. രോഗികളുടെ ഇരിപ്പിടങ്ങൾക്ക് അൽപം മാറിയാണു സീലിങ്ങിന്റെ ഒരു ഭാഗം പാളികളായി താഴേക്കു പതിച്ചത്. സംഭവം കണ്ട് ഒ.പി വിഭാഗത്തിലുണ്ടായിരുന്ന ആളുകൾ ഭയചകിതരായി.

2019- 20 ൽ ഹൗസിങ് ബോർഡ് നിർമ്മിച്ച മേൽക്കൂരയാണ് ഇളകി വീണത്. ഒപി, അത്യാഹിത, അഡ്‌മിനിസ്‌ട്രേഷൻ വിഭാഗങ്ങളെ ബന്ധിപ്പിച്ച് മഴനനയാതെ രോഗികൾക്ക് ഓരോ വിഭാഗത്തിലേക്കും കടന്നു പോകാനും ഒപി വിഭാഗത്തിലേക്ക് എത്തുന്നവർക്കു മഴയും വെയിലും ഏൽക്കാതിരിക്കാൻ വേണ്ടിയുമാണ് ഇവിടെ മേൽക്കൂര നിർമ്മിച്ചത്. എന്നാൽ തീരെ നിലവാരമില്ലാതെ നിർമ്മിച്ച ഈ മേൽക്കൂര അന്നു മുതൽ അപകടം വരുത്തി.

പണി പൂർത്തിയാക്കി 6 മാസം തികയും മുൻപ് ഒപി വിഭാഗത്തിനോടു ചേർന്ന ഭാഗത്തെ രണ്ടു പാളികൾ നിലംപതിച്ചിരുന്നതായി ആക്ഷേപമുണ്ട്. പിന്നീട് പലപ്പോഴായി ഒന്നും രണ്ടും പാളികൾ പല ഭാഗത്തായി താഴേക്കു പതിച്ചിരുന്നത് ജീവനക്കാർ തന്നെ നീക്കം ചെയ്തിരുന്നു. തിങ്കളാഴ്ചയും ഏതാനും പാളികൾ ഇളകി വീണിരുന്നു. ബാക്കിയുള്ള ഭാഗത്തെ സീലിങ് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. ആളുകളുടെ ജീവന് ഭീഷണിയാവും വിധത്തിലാണ് ഇവ നിൽ്കകുന്നത്.

ഫാൾസ് സീലിങ് നിലം പതിച്ചത് കമ്മിഷൻ പറ്റി നിർമ്മാണം നടത്തിയതിനാലാണു എന്ന് ആരോപിച്ചും മരുന്നു ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസിലേക്ക് കോൺഗ്രസും യുവമോർച്ചയും പ്രതിഷേധ മാർച്ചും ഉപരോധവും നടത്തി.
മന്ത്രി റിപ്പോർട്ട് തേടി

സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഇതിനോടു ചേർന്ന ഒപി, അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ബ്ലോക്ക് പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. കെട്ടിടം പൊളിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള ലേല നടപടികൾ പൂർത്തിയാക്കി കരാറും ഒപ്പിട്ടതായും മന്ത്രി പറഞ്ഞു.