തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമക്കേസുകളുടെ എണ്ണം കൂടുന്നു. പോക്‌സോ കേസുകളുടെ എണ്ണം ദിനം പ്രതി കൂടുമ്പോഴും ശിക്ഷാനിരക്ക് കേരളത്തിൽ വളരെ കുറവാണ്. വർഷം രണ്ടായിരത്തിനുമേലെയാണ് രജിസ്റ്റർചെയ്ത കേസുകൾ. എന്നാൽ, ശിക്ഷാനിരക്കാവട്ടെ 16 ശതമാനത്തിൽ താഴെയും.

കേസ് രജിസ്റ്റർചെയ്യുന്നതിലും തെളിവുശേഖരിക്കുന്നതിലുമുള്ള വീഴ്ചയാണ് പ്രധാനകാരണം. പോക്സോ കേസുകളിൽ ശിക്ഷാനിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷനും സർക്കാരിന് ശുപാർശനൽകിയിരുന്നു.

അന്വേഷണം വൈകുന്നതും വിചാരണയ്ക്കിടെ അതിജീവിതയും സാക്ഷികളുമൊക്കെ മൊഴിമാറ്റുന്നതുമെല്ലാമാണ് ശിക്ഷാ നിരക്ക് കുറയുന്നതിനെ പ്രധാന കാരണങ്ങൾ. കോടതിക്ക് പുറത്തുവെച്ചുതന്നെ പണമോ നഷ്ടപരിഹാരമോ ഈടാക്കി കേസ് തീർപ്പാക്കുന്നതായും പലപ്പോഴും കാണാറുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിലെ വീഴ്ചയും കുറയുന്ന ശിക്ഷാനിരക്കുമാണ് മറ്റു കാരണങ്ങൾ.