കണ്ണൂർ: മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്‌പ്രസിൽ (16649) ബുധനാഴ്ചയും തിക്കിലും തിരക്കിലും ഒരു വിദ്യാർത്ഥിനി തളർന്നുവീണു. രാവിലെ പരശുറാം എലത്തൂർ വിട്ടപ്പോഴാണ് സംഭവം. ചൊവ്വാഴ്ച ലേഡീസ് കോച്ചിലെ തിരക്കിൽപ്പെട്ട് വിദ്യാർത്ഥിനി തളർന്നുവീണതും വാർത്തയായിരുന്നു. ചൊവ്വാഴ്ച രണ്ടു പേരാണ് തിരക്കിൽ കുഴഞ്ഞ് വീണത്.

മാതാവിനൊപ്പം കോഴിക്കോട്ടേക്ക് യാത്രചെയ്ത വിദ്യാർത്ഥിനിക്കാണ് ഇന്നലെ തളർച്ച അനുഭവപ്പെട്ടത്. തലശ്ശേരിയിൽനിന്നാണ് ഇവർ കയറിയത്. യാത്രക്കാർ വെള്ളവും പ്രഥമശുശ്രൂഷയും നൽകി. പരശുറാമിന്റെ പിറകിലെ കോച്ചിലാണ് സംഭവമെന്ന് യാത്രക്കാരൻ ശ്രീജിത്തുകൊയിലാണ്ടി പറഞ്ഞു.

ചൊവ്വാഴ്ച കൊല്ലത്ത് പഠിക്കുന്ന വിദ്യാർത്ഥിനി കോഴിക്കോട്ടെത്തും മുൻപാണ് തളർന്നുവീണത്. ഡിസംബർ 18-ന് വിദ്യാർത്ഥിനി ജനറൽ കോച്ചിൽ തളർന്നുവീണിരുന്നു. കേരളത്തിൽ ഒരു വണ്ടിയിൽ മൂന്നുമാസത്തിനിടെ ഏറ്റവുമധികം യാത്രക്കാർ തിരക്കിൽപ്പെട്ട് തളർന്നു വീണത് മംഗളൂരുവിൽനിന്നുള്ള പരശുറാം എക്സ്‌പ്രസിലാണ്. വിദ്യാർത്ഥികളുൾപ്പെടെ 11 വനിതായാത്രക്കാർ കുഴഞ്ഞുവീണു.