പൊൻകുന്നം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ മെൽബിൻ രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല ഭാഗത്ത് കാഞ്ഞിരത്താംകുന്നേൽ അരുൺ തോമസ് (38), വാഴൂർ 19ാം മൈൽ തണ്ണിമല കെ.സുഭാഷ് കുമാർ (46) എന്നിവരാണ് കൊലപാതക ശ്രമത്തിന് അറസ്റ്റിലായത്.

ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെയാണ് ഇവർ മർദിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് വെന്റിലേറ്ററിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിന് ബാറിനുള്ളിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ബിൽ സംബന്ധിച്ച് യുവാവും ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടായി. തുടർന്നാണ് ജീവനക്കാർ ആക്രമിച്ചത്.

യുവാവിനെ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. എസ്എച്ച്ഒ ടി.ദിലീപ്, എസ്‌ഐ അജി പി.ഏലിയാസ്, എഎസ്‌ഐമാരായ അജിത് കുമാർ, പി.എം.ബിജു, സിപിഒമാരായ ഷാജി ജോസഫ്, ഷാജി ചാക്കോ, വിനീത് ആർ.നായർ എന്നിവർ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.