കൊല്ലം: സ്‌കൂൾ കലോത്സവം കുട്ടികളുടെ മത്സരമാണെന്നും രക്ഷിതാക്കളുടെതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പങ്കെടുക്കലാണ് പ്രധാനം. കൗമാരമനസുകളെ അനാരോഗ്യകരമായ മാത്സര്യബോധം കൊണ്ട് കലുഷിതമാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലത്ത് 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരുകാര്യം ഏല്ലാവരും ഓർക്കണം. പങ്കെടുക്കലാണ് പ്രധാനം. ഇത് കുട്ടികൾക്കു മാത്രമല്ല, അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും എല്ലാം ഒരുപോലെയുണ്ടാകണം. ഇത് കൗമാരമനസുകളുടെ ഉത്സവമാണ്. അതുകൊണ്ടുതന്നെ ആ മനസുകളെ അനാരോഗ്യകരമായ മാത്സര്യബോധം കൊണ്ട് കലുഷിതമാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളുടെ കലോത്സവമാണ് എന്നത് ആവർത്തിച്ച് ഒന്നുകൂടി പറയുന്നു. രക്ഷാകർത്താക്കൾ അവരുടെ മത്സരമായി ഇതിനെ കാണാൻ പാടില്ല. ഈ മത്സരങ്ങളിൽ ചിലർ മുന്നിലാകും ചിലർ പിന്നിലാകും. ഇന്ന് പിന്നിലാകുന്നവരാണ് നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളിൽ തളരാതെ സമർപ്പണവും മനോബലവും നിരന്തരമായ സാധനയും നിസ്തന്ത്രമായ യത്‌നവുമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും പിണറായി വിജയൻ ഓർമപ്പെടുത്തി.

ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാജഹാൻ പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി.