തിരുവനന്തപുരം: കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ സംരംഭകത്വ പ്രോത്സാഹന പ്രവർത്തനങ്ങളോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിൽ എന്റർപ്രണർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും സംരംഭകരിലേക്കും പൊതുജനങ്ങളിലേക്കും സമയബന്ധിതമായി എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

എന്റർപ്രണർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ജനുവരി 4 മുതൽ 25 വരെ ഏകദിന ശില്പശാലകൾ നടക്കും. തദ്ദേശ സ്ഥാപനങ്ങളിലെ സംരംഭകത്വ വികസന എക്‌സിക്യൂട്ടീവുകൾ (ഇ.ഡി.ഇ) ശില്പശാലയ്ക്ക് നേതൃത്വം നല്കും. സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് ഇ.ഡി.ഇ മാർ ക്ലാസ്സെടുക്കും.

സംരംഭകത്വവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും സംരംഭകത്വ വികസനത്തിന് സർക്കാർ നല്കുന്ന പിന്തുണയെക്കുറിച്ചുമുള്ള വിവരങ്ങൾ പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തിക്കാൻ സഹായകമാകുന്ന ആദ്യ സംരംഭങ്ങളിലൊന്നാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രാദേശികതലത്തിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയും തൊഴിലവസരവും വർധിപ്പിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള വ്യവസായവകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംരംഭകരെ അറിയിക്കുക, സംരംഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പ് സ്വീകരിച്ച മികച്ച മാതൃകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ഫീൽഡ് തലത്തിൽ സംരംഭകർ നേരിടുന്ന വെല്ലുവിളികളും ആവശ്യങ്ങളും മനസിലാക്കുക, സംരംഭകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനായി സംരംഭകരുടെ വിലയിരുത്തൽ ലഭ്യമാക്കുക, സംരംഭകത്വ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഫോറങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവ ക്യാമ്പയിനിന്റെ ലക്ഷ്യങ്ങളാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നിലവിലുള്ള സംരംഭകർ, സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് ശില്പശാലയിൽ പങ്കെടുക്കാം. ശില്പശാലയിൽ പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തിയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ വ്യവസായ വകുപ്പിന്റെ തുടർപ്രവർത്തനങ്ങൾ ലഭ്യമാക്കും.

സംസ്ഥാനത്ത് മികച്ച സംരംഭക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പും വ്യവസായവകുപ്പും സംയുക്തമായി നടത്തുന്ന വിവിധ പദ്ധതികൾക്ക് ക്യാമ്പയിൻ ആക്കം കൂട്ടും. സംരംഭകവർഷം പദ്ധതി, ഒരു തദ്ദേശസ്ഥാപനം ഒരു ഉൽപ്പന്നം പദ്ധതി, പി.പി.പി പദ്ധതി തുടങ്ങിയവ ഇതിൽ ശ്രദ്ധേയമാണ്.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭക സാധ്യതയുള്ള ഉൽപന്നങ്ങൾ കണ്ടെത്തി ഒരു തദ്ദേശസ്ഥാപനം ഒരു ഉൽപ്പന്നം (വൺ ലോക്കൽ ബോഡി വൺ പ്രോഡക്ട് -ഒ എൽ ഒ പി) എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 640 തദ്ദേശസ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ മൂല്യവർധന വികസനത്തെ പിന്തുണയ്ക്കുന്നതിനും അതിനുവേണ്ട പദ്ധതിരേഖ തയ്യാറാക്കുന്നതിനുമായി വ്യവസായവകുപ്പ് 50,000 രൂപ വരെ സഹായം നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഉത്ഘാടനം ഈ വർഷം തന്നെ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമി വിനിയോഗിക്കുന്നതിന് പി.പി.പി. (പബ്ലിക് പഞ്ചായത്ത് പാർട്ണർഷിപ്) മാതൃകയിൽ വ്യവസായ പാർക്കുകൾ / എസ്റ്റേറ്റുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഭേദഗതി ചെയ്തിരുന്നു. ഇതിനാവശ്യമായ മുഴുവൻ തുകയും (പരമാവധി 3 കോടി വരെ) ഒറ്റത്തവണ സഹായമായി വ്യവസായ വകുപ്പ് നൽകുന്നുണ്ട്.

കൂടാതെ സംരംഭകവർഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ അടുത്ത മാസം വിതരണം ചെയ്യും. സംരംഭകവർഷം 2022-23 പദ്ധതിയുടെ ഭാഗമായി തദ്ദേശതലത്തിൽ രൂപീകരിച്ച സംരംഭങ്ങളുടേയും സൃഷ്ഠിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടേയും എണ്ണം, ഇവയുടെ മൊത്ത നിക്ഷേപം, വ്യവസായ പാർക്കുകളുടെ വിവരങ്ങൾ, മറ്റു സ്‌കീമുകളുടെ പ്രവർത്തനങ്ങൾ, തുടങ്ങിയ വിവരങ്ങൾ മാനദണ്ഡമാക്കിയാണ് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്.

എല്ലാ വർഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചു പ്രാദേശിക സാമ്പത്തിക വികസനപദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും, പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായകരമാകും. സംരംഭം തുടങ്ങുന്നതിന് സംരംഭകർക്ക് തദ്ദേശസ്വയംഭരണസ്ഥാപനം ലഭ്യമാക്കുന്ന ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ സമയബന്ധിതമായി നല്കുന്നതിനൊപ്പം നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള പിന്തുണയും ക്യാമ്പയിനിലൂടെ ഉറപ്പുവരുത്തും.