അബുദാബി: 140 ഭാഷകളിൽ പാട്ടു പാടി ലോക റെക്കോർഡ് ഇട്ട് കണ്ണൂർക്കാരി സുചേത സതീഷ്. 39 ഇന്ത്യൻ ഭാഷകളടക്കം 140 ഭാഷകളിൽ ഒരൊറ്റ സംഗീത പരിപാടിയിൽ പാടിയാണ് സുചേത ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡാണു സ്വന്തമാക്കിയത്. മലയാളമടക്കം 39 ഇന്ത്യൻ ഭാഷകൾക്കു പുറമേ 101 ലോക ഭാഷകളിലും സുചേത ശ്രുതി മധുരമായി പാടി. ഇന്നലെ ഗിന്നസ് അധികൃതർ പുരസ്‌കാരം പ്രഖ്യാപിച്ചു. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞവർഷം നവംബർ 24ന് നടത്തിയ കൺസേർട് ഫോർ ക്ലൈമറ്റ് പരിപാടിയിലായിരുന്നു പ്രകടനം.

കണ്ണൂർ എളയാവൂർ സ്വദേശി ഡോ. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളായ സുചേത ദുബായ് നോളജ് പാർക് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി ഡിജിറ്റൽ മീഡിയ വിദ്യാർത്ഥിനിയാണ്. 2021 ഓഗസ്റ്റ് 19ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ 120 ഭാഷകളിൽ പാടി ലോക റെക്കോർഡിട്ടിരുന്നു. 2018ൽ 102 ഭാഷകളിൽ പാടിയതിനും ഏറ്റവും കൂടുതൽ സമയം തുടർച്ചയായി പാടിയതിനുമുള്ള യുഎസ് ആസ്ഥാനമായുള്ള വേൾഡ് റെക്കോർഡ് അക്കാദമിയുടെ 2 അവാർഡുകളും നേടി. ദൈർഘ്യമേറിയ സംഗീതക്കച്ചേരിയിൽ കൂടുതൽ ഭാഷകളിൽ പാടി നേട്ടം കൊയ്തത് 12-ാം വയസ്സിലാണ്.