- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി കവർച്ച; രണ്ടു പേർ അറസ്റ്റിൽ
പാലക്കാട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് പുലർച്ചെ കാർ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിരായിരി എരുപ്പക്കാട് പറയ്ക്കൽ വീട്ടിൽ ഉമ്മർ നിഹാൽ (19), ചക്കാന്തറ ഗാന്ധിനഗറിൽ റിനീഷ് (20) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. ഒരാൾക്കായി തിരച്ചിൽ നടത്തുന്നു. എറണാകുളം സ്വദേശിയാണ് കവർച്ചയ്ക്ക് ഇരയായത്.
ബുധനാഴ്ച പുലർച്ചെ നാലോടെയാണു സംഭവം നടന്നത്. എറണാകുളം സ്വദേശിയായ സെയിൽസ് എക്‌സിക്യൂട്ടീവ്, സുഹൃത്തിനെ പിരായിരിയിൽ എത്തിച്ച ശേഷം മടങ്ങുമ്പോൾ ബിഇഎം സ്‌കൂളിനു സമീപത്തുവച്ചു മൂവർ സംഘം കാർ തടയുകയായിരുന്നു. താക്കോൽ അഴിച്ചെടുത്ത ശേഷം എറണാകുളം സ്വദേശിയെ ഡ്രൈവിങ് സീറ്റിൽ നിന്നു മാറ്റിയിരുത്തി പ്രതികളിൽ ഒരാൾ വാഹനം ഓടിച്ചു. യാത്രയ്ക്കിടെ എടിഎമ്മിൽ നിന്ന് 24,000 രൂപ നിർബന്ധിച്ചു പിൻവലിപ്പിച്ചു. 2 പവൻ മാലയും ഊരിവാങ്ങി. തുടർന്ന് എഴരയോടെ ബസ് സ്റ്റാൻഡ് പരിസരത്തു കാർ നിർത്തി പ്രതികൾ ഇറങ്ങിപ്പോയി.
സിസിടിവി ദൃശ്യങ്ങളും മറ്റു പരിശോധിച്ചാണു സാഹസികമായി പ്രതികളെ പിരായിരിയിൽ നിന്നു പിടികൂടിയത്. അടുത്തിടെ കെഎസ്ആർടിസി പരിസരം കേന്ദ്രീകരിച്ച് ഇത്തരം സംഭവങ്ങൾ പതിവാണ്. സമാനരീതിയിൽ കഴിഞ്ഞ ആഴ്ച കവർച്ച നടത്തിയ സംഘത്തിൽപ്പെട്ട മൂന്നുപേരെ റിമാൻഡ് ചെയ്തിരുന്നു.



