തിരുവനനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിനെതിരെ സിപിഎം നേതാവ് എ കെ ബാലൻ. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതര ആരോപണമാണ്. മൂന്ന് കേന്ദ്ര ഏജൻസികൾ കുറ്റപത്രം നൽകിയിട്ടും കണ്ടു പിടിക്കാത്ത കാര്യമാണ് മോദി പറഞ്ഞത്.

മുഖ്യമന്ത്രിയാണ് സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്ക് പോലും ഏജൻസികളെ വിശ്വാസമില്ലേ എന്നും എകെ ബാലൻ ചോദിച്ചു. അന്വേഷണ ഏജൻസികൾ മുൻപാകെ പ്രധാനമന്ത്രി തെളിവ് നൽകണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു.

''സ്വാഭാവികമായും അദ്ദേഹത്തിനറിയാം ഏത് ഓഫിസാണ് ഇതിനു പിന്നിലെന്ന്. അതു നിയമത്തിന്റെ മുൻപിൽ വെളിപ്പെടുത്താൻ അദ്ദേഹം നിർബന്ധിക്കപ്പെട്ടിരിക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെ. അല്ലെങ്കിൽ ഇതിനും അദ്ദേഹം കൂട്ടുനിന്നുവെന്ന ദുർവ്യാഖ്യാനമാണ് പൊതുസമൂഹത്തിൽ ഉണ്ടാവുക.

ഒരു കുറ്റത്തെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും നിയമത്തിന്റെ മുൻപിൽ അതു പറയാതിരിക്കുന്നത് കുറ്റവാളികളെ സഹായിക്കാൻ വേണ്ടിയാണ്. മറ്റാർക്കും അറിയാത്ത കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി അദ്ദേഹം അന്വേഷണ ഏജൻസികളുകളുടെ മുൻപിൽ ഇതു വ്യക്തമാക്കണം. അല്ലെങ്കിൽ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടാവുക'' ബാലൻ പറഞ്ഞു.

ബിജെപി സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. തൃശ്ശൂരിൽ നടത്തിയ പ്രസംഗത്തിൽ 'സ്വർണക്കടത്ത് ഓഫീസ് എല്ലാവർക്കുമറിയാം' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇത് കേരളത്തിൽ വീണ്ടും സ്വർണക്കടത്ത് കേസ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നതെന്ന് വിഡി സതീശൻ കഴിഞ്ഞ ദിവസം ചോദിച്ചു.

രാജ്യത്തെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തിൽ സിപിഎമ്മുമായി സംഘപരിവാർ സന്ധി ചെയ്തത് എന്തുകൊണ്ടാണ്?

സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്. അന്ന് നടപടി എടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയേനെ. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് സിപിഎമ്മും ബിജെപിയും പരസ്പര ധാരണയിലെത്തിയത്.

ബിജെപിക്കെതിരായ കുഴൽപണ കേസിൽ സംസ്ഥാന നേതൃത്വത്തെ കേരള സർക്കാർ സഹായിച്ചുവെന്നും സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.