കൊച്ചി: വഴിക്കുളങ്ങരയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പൊലീസ് പിടിയിൽ. നോർത്ത് പറവൂർ സ്വദേശി സുധീഷിനെയാണ് പറവൂർ പൊലീസ് പിടികൂടിയത്. എറണാകുളം റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക് ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വർക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്.

രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കണ്ടെത്തിയ തൈകൾക്ക് പതിനെട്ട് സെന്റീമീറ്റർ നീളം വരും. അഞ്ച് വർഷമായി ഇയാൾ വർക്ക് ഷോപ്പ് നടത്തുന്നുണ്ട്.