വർക്കല: സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാർ യാത്രികൻ പിന്തുടർന്നെത്തി മർദിച്ചെന്ന് പരാതി. കിളിത്തട്ട് മുക്ക് സ്വദേശി ജയചന്ദ്രൻ, ഭാര്യ സിന്ധു എന്നിവർക്കാണ് മർദ്ദനമേറ്റത്. ദമ്പതിമാർ കാർ നമ്പർ അടക്കം വർക്കല പൊലീസിൽ പരാതി നൽകി. മർദനമേറ്റ് നിലത്തുവീണ വീട്ടമ്മയുടെ കണ്ണട ഊരി മാറ്റി മുഖത്ത് അടിച്ചതായും പരാതിയിൽ പറയുന്നു.

ശിവഗിരി തീർത്ഥാടനത്തിന് പോകുകയായിരുന്നു ദമ്പതികൾ. ഡിസംബർ 31ന് വൈകുന്നേരം ആറോടെ വർക്കല പൊലീസ് സ്റ്റേഷന് സമീപത്തെ അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം.

ഇവർ സഞ്ചരിച്ച സ്‌കൂട്ടർ പാർക്ക് ചെയ്യാനായി ഒരു വശത്തേക്ക് തിരിക്കുന്നതിനിടെ പിന്നിലെ കാറിലുണ്ടായിരുന്നയാൾ പ്രകോപിതനായി അസഭ്യം വിളിച്ചത്രെ. തുടർന്ന് പിന്തുടർന്നെത്തുകയും തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. മർദനമേറ്റ് നിലത്തുവീണ സിന്ധുവിന്റെ കണ്ണട ഊരി മാറ്റി മുഖത്തും അടിച്ചതിനെ തുടർന്ന് ഇവരുടെ ഇടത് കണ്ണിന് സാരമായ പരിക്കുണ്ട്.