- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസ്; പ്രതികൾക്ക് 24 വർഷം കഠിനതടവും 6,30,000 രൂപ പിഴയും
തിരുവനന്തപുരം: 12 കോടി രൂപയുടെ മയക്കുമരുന്നുമായി തിരുവനന്തപുരത്ത് നിന്നും അറസ്റ്റിലായ മൂന്നു പ്രതികൾക്ക് 24 വർഷം കഠിനതടവും 6,30,000 രൂപ പിഴയും. എറണാകുളം സ്വദേശികളായ മനു വിൽസൺ, അൻവർ സാദത്ത്, രാജ്മോഹൻ എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. സെഷൻസ് കോടതി ജഡ്ജി ആർ.രാജേഷിന്റേതാണ് ഉത്തരവ്.
11.2 കിലോ ഹാഷിഷ് ഓയിലും 2.53 കിലോ കഞ്ചാവും വിൽക്കാൻ ശ്രമിച്ചതിനും ഗൂഢാലോചനയ്ക്കുമാണ് ശിക്ഷ. 2019 മെയ് 24-നാണ് കേസിനാസ്പദമായ സംഭവം. ആന്ധ്രാപ്രദേശിൽനിന്ന് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്ത് വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് മൂന്നംഗ സംഘം അറസ്റ്റിലായത്. ഹാഷിഷ് ഓയിൽ വിൽപ്പന നടത്താൻ ശ്രമിച്ചതിന് 11 വർഷവും കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ചതിന് രണ്ട് വർഷവുമാണ് ശിക്ഷ. മയക്കുമരുന്ന് വിൽപ്പനയെന്ന കുറ്റകൃത്യം നടത്താൻ ശ്രമിച്ചതിനാണ് മറ്റൊരു 11 വർഷത്തെ ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡിൽ വെൺപാലവട്ടം ഭാഗത്തുവെച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്കോഡ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനികുമാറും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. ജോയിന്റ് എക്സൈസ് കമ്മിഷണർ കെ.പ്രദീപ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
മൂന്നു പ്രതികൾക്കെതിരേയും സംസ്ഥാനത്ത് പല ജില്ലകളിലും സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും നിരസിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ.സി.പ്രിയൻ, ഡി.ജെ.റെക്സ്, പി.റോജിൻ എന്നിവർ ഹാജരായി.