കണ്ണൂർ: ട്രെയിനിൽ യാത്ര ചെയ്യവെ അടുത്ത സീറ്റിലെ യാത്രക്കാരന്റെ കൈയിലെ ചൂടുള്ള ചായ മറിഞ്ഞ് ഏഴുവയസ്സുകാരന് പൊള്ളലേറ്റു. കുട്ടിയുടെ കൈയിലും കാലിലും സാരമായി പൊള്ളലേറ്റെതോടെ മാതാവ് അപായച്ചങ്ങല വലിച്ച് ട്രെയിൽ നിർത്തിയിട്ടും ആരും സഹായിക്കാനെത്തിയില്ലെന്ന് പരാതി. വണ്ടിയിലോ തുടർ സ്റ്റേഷനിലോ പ്രാഥമികചികിത്സ നൽകിയിരുന്നെങ്കിൽ പൊള്ളൽ ഇത്ര സാരമാകില്ലായിരുന്നെന്നും മാതാവ് പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ ശരീരം പൊള്ളിയിട്ടും ടിടിഇയൊ സഹയാത്രികരോ സഹായത്തിന് എത്തിയില്ല.

വിവരം പറഞ്ഞപ്പോൾ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പറിൽ കയറിയതിന് ടി.ടി.ഇ. ശകാരിച്ചുവെന്നും പരാതിയുണ്ട്. ചായ മറിച്ച യാത്രക്കാരനും ഒന്നുസഹായിക്കുകപോലും ചെയ്യാതെ ഇറങ്ങിപ്പോയി. ഒടുവിൽ മാതാവ് ഒറ്റയ്ക്കാണ് മകനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം മലബാർ എക്സ്‌പ്രസിലാണ് സംഭവം. അതേസമയം ടി.ടി.ഇ. ഈ വിവരം അടുത്ത സ്റ്റേഷനിലും കൺട്രോൾ റൂമിലും അറിയിച്ചിരുന്നുവെന്നാണ് റെയിൽവേ വൃത്തങ്ങൾ പറഞ്ഞത്.

തലശ്ശേരി രണ്ടാംഗേറ്റിനടുത്ത് സുമയ്യ-മൗഫൽ ദമ്പതിമാരുടെ മകൻ ഹാദിനാണ് പൊള്ളലേറ്റത്. മകനെ മംഗളൂരു ദർലക്കട്ടയിലുള്ള ആശുപത്രിയിലെ ദന്തഡോക്ടറെ കാണിക്കാനാണ് രാവിലെ തലശ്ശേരിയിൽനിന്ന് ട്രെയിനിൽ കയറിയത്. ജനറൽ ടിക്കറ്റാണ് എടുത്തത്. ആളൊഴിഞ്ഞ റിസർവ് കോച്ചിൽ സുമയ്യയും മകനും ഇരുന്നു. വണ്ടി കണ്ണപുരത്തെത്താറായപ്പോഴാണ് സംഭവം. പരിഭ്രാന്തിയിൽ ചെയിൻ വലിച്ചു. ടി.ടി.ഇ.യോട് കാര്യം പറയാൻ കുറെ കോച്ചുകൾ നടന്നു. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷനിൽ കയറിയതിനാണ് അവർ പേടിപ്പിച്ചത്. തിരിച്ച് കോച്ചിൽ വന്നപ്പോൾ ചായ മറിച്ച ആളുമില്ല. ഒടുവിൽ ഉള്ളാളിൽ ഇറങ്ങി. ആശുപത്രിയിലെത്തി മരുന്ന് പുരട്ടി. പിന്നീട് തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരുന്നുകിറ്റ് ഇല്ലാത്ത ട്രെയിൻ
പാസഞ്ചർ, എക്സ്‌പ്രസ് അടക്കം ഒരു ട്രെയിനിലും കോച്ചുകളിൽ പ്രഥമശുശ്രൂഷാകിറ്റോ മരുന്നോ ഇല്ല. ഗാർഡ് റൂമിലുണ്ട്. എന്നാൽ ഇത് കോച്ചുകളിൽനിന്ന് വേറിട്ടായതിനാൽ യാത്രയ്ക്കിടയിൽ ഉപയോഗപ്പെടില്ല. അടിയന്തരസാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷപോലും തീവണ്ടി കോച്ചിൽ ലഭ്യമല്ല. കോച്ചുകളിൽ മരുന്നും കിറ്റും ഒരുക്കണമെന്ന സുപ്രീംകോടതി നിർദേശിച്ചിരുന്നു.