തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ലക്ഷദ്വീപിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാതച്ചുഴിയിൽ നിന്ന് വടക്കൻ കൊങ്കൺ വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഭാഗമായി അടുത്ത 4-5 ദിവസം കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.