തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കയറാൻ അവസരമൊരുങ്ങുന്നു. 24 മുതൽ മാർച്ച് രണ്ടുവരെയാണ് ട്രക്കിങ്. വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്‌സൈറ്റിൽ 10 മുതൽ ബുക്ക് ചെയ്യാം. ഒരു ദിവസം 70 പേർക്കാണ് പ്രവേശനം.

30 പേർക്ക് ഓഫ്‌ളൈൻ ബുക്കിങും ചെയ്യാം. പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്.ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകളുണ്ടാകും. ട്രക്കിങ് ഫീസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജടക്കം 2500 രൂപയാണ് നിരക്ക്.

14 മുതൽ 18 വരെ പ്രായമുള്ളവർക്ക് രക്ഷകർത്താവിനോടൊപ്പമോ രക്ഷകർത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്ട്രേഷൻ അനുവദിക്കില്ല. ട്രക്കിങ്ങിൽ പങ്കെടുക്കുന്നവർ ഏഴ് ദിവസത്തിനകം എടുത്ത മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.